നാരായണഗുരുദേവന്റെ തിരുശേഷിപ്പ് ഘോഷയാത്രയുടെ സമാപന ചടങ്ങ് തലശേരിയിൽ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
തലശേരി: കലാപ കലുഷിതമായ വർത്തമാനകാല ലോക സാഹചര്യത്തിൽ പരിഹാരം ശ്രീ നാരായണ ഗുരു മാനവരാശിക്ക് നൽകിയ മത സാഹോദര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ദർശനമാണ് ഏക പോംവഴിയെന്ന് മന്ത്രി സണ്ണി ജോസഫ്. ഗുരുദേവന്റെ തിരുശേഷിപ്പ് അദ്ദേഹം പ്രതിഷ്ഠ നടത്തിയ തലശേരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന ഘോഷയാത്രയുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി സണ്ണി ജോസഫ്.
കേരളം ലോകത്തിന് സമ്മാനിച്ച എക്കാലത്തേയും വലിയ ധൈഷണിക പ്രതിഭയാണ് ശ്രീനാരായണ ഗുരുവെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവന്റെ കണ്ണുകളിലേക്ക് നോക്കി ഈശ്വരൻ നിന്നിൽ തന്നെയുണ്ടെന്ന് ഉദ്ബോധിപ്പിച്ച മഹാത്മാവാണ് ഗുരു. തത്വമസിക്ക് പുതിയ ഭാഷ്യം ചമച്ച ഗുരു അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയോളം പോന്ന മറ്റൊരു സാമുഹ്യ വിപ്ലവം മറ്റാരും നടത്തിയിട്ടില്ല. വർണാശ്രമ ധർമങ്ങളെ അതേവരെ നിരാകരിക്കാതിരുന്ന ഗാന്ധിജി ഗുരുദേവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തന്റെ ചിന്തകളെ സ്വയം തിരുത്തിയത്.
അരുവിപ്പുറത്ത് ഗുരു എഴുതിവച്ച വാചകങ്ങൾ ലോകത്തിന് ഒരു കവാടമുണ്ടെങ്കിൽ അവിടെ ആലേഖനം ചെയ്യേണ്ടതാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ. സത്യൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രസംഗിച്ചു.
Tags : Gurus Teachings Is Growing in the Present Times Nattuvishesham DistrictNews