ജിഎസ്ബിഎസി മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യുന്നു.
കുമ്പള: വിദ്യാഭ്യാസ മേഖലയില്‍ കേരളം പുതിയ യുഗത്തിലാണെന്ന് വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന്. കുമ്പള ഗവ. സീനിയര്‍ ബേസിക് സ്കൂളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അതിവേഗം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. ആ വേഗത്തിനൊപ്പം ഓടിയെത്താന്‍ നമ്മുടെ കുഞ്ഞുങ്ങളെയും പ്രാപ്തരാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആകെ എല്ലാ സ്കൂളുകളിലും ഡിജിറ്റല്‍ കോര്‍ണറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ പഠനമാണ് ഡിജിറ്റല്‍ കോര്‍ണറുകള്‍ വഴി സാധ്യമാവുകയെന്ന് മന്ത്രി പറഞ്ഞു. നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് സയന്‍സ് പരിശീലനം സാധ്യമാക്കുന്ന എറൈസ് പദ്ധതി നടപ്പിലാക്കും.
സംസ്ഥാനത്തെ ആയിരം വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിക്കുന്ന നൂറുദിന പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. വിദ്യാര്‍ഥികളെ കൂടുതല്‍ കായിക മേഖലകളില്‍ ആകൃഷ്ടരാക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളായി.
പ്രൈമറി ക്ലാസുകളിലെ ഐടി പഠനം കൂടുതല്‍ കാര്യക്ഷമമാക്കുക, കുട്ടികള്‍ക്കിടയിലെ ഡിജിറ്റല്‍ വിടവ് നികത്തുക ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്വയംപഠനത്തിനുള്ള ഉപാധിയാക്കുക, ആരോഗ്യകരമായ ഡിജിറ്റല്‍-ബ്രൗസിംഗ് സംസ്കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൈറ്റിന്റെ നേതൃത്വത്തില്‍ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഈ പദ്ധതി നടപ്പാക്കുന്നത്. വര്‍ണാഭമായ ചുമര്‍ചിത്രങ്ങളാല്‍ അലങ്കരിച്ചും ആവശ്യമായ ലാപ്ടോപ്പുകളും ഇരിപ്പിടങ്ങളും ഒരുക്കിയുമാണ് പിടിഎയും അധ്യാപകരും ഈ മാതൃകാ ഡിജിറ്റല്‍ സ്ക്വയര്‍ സജ്ജമാക്കിയിരിക്കുന്നത്. കൈറ്റ് വികസിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത പ്ലാറ്റ്ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കളികളിലൂടെയുള്ള പഠനം, സര്‍ഗാത്മകത, സ്വയംപഠനം, ഡിജിറ്റല്‍ സാക്ഷരത എന്നിവ വളര്‍ത്തുന്നതിനൊപ്പം കളിപ്പെട്ടി, ഇ@വിദ്യ എന്നീ ഐസിടി പാഠപുസ്തകങ്ങള്‍ മറ്റു വിഷയങ്ങളുടെ പഠനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്താനും ഈ പദ്ധതി സഹായിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുന്നത്.
Tags : Nattuvishesham Districtnews Kerala Enters