സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാവുന്ന കോഴിക്കോട് എൻഐടി കാമ്പസിലെ സിന്തറ്റിക് ട്രാക്ക് കായിക -യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് സന്ദർശിക്കുന്നു.
സംസ്ഥാന സ്കൂൾ കായികമേള സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കേരളത്തിനായി മെഡൽ നേടുന്ന കായികതാരങ്ങൾ നിരാശപ്പെടേണ്ടി വരില്ലെന്നും കായികതാരങ്ങൾക്കൊപ്പം സർക്കാർ ശക്തമായി നിലകൊള്ളുമെന്നും കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടകസമിതി ഓഫീസ് കോഴിക്കോട് എൻഐടി. ക്യാമ്പസിന് സമീപത്തെ ചിന്മയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായികതാരങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകണമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന താരങ്ങൾക്കുള്ള പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചത്. മെഡൽ നേടി തിരിച്ചെത്തുമ്പോൾ തന്നെ പാരിതോഷികം നൽകുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഷൂട്ടിങ്ങിൽ വെള്ളിമെഡൽ നേടിയ തിരുവമ്പാടി സ്വദേശി വിദർശ വിനോദിന് സർക്കാർ ജോലി നൽകുന്നതിനായി കായിക വകുപ്പ് മുഖ്യമന്ത്രിക്ക് ശിപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ദേശീയ കളരിപ്പയറ്റ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
പദ്ധതി യാഥാർഥ്യമാകുകയാണെങ്കിൽ അക്കാദമി മലബാർ മേഖലയിൽ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2036ലെ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന കായികതാരങ്ങളിൽ പലരും ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയിലൂടെ വളർന്നുവരുന്നവരായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ 31ന് ജി.വി.രാജയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വിപുലമായി സംഘടിപ്പിക്കുന്ന സ്പോർട്സ് അവാർഡ് നൈറ്റിൽ കേരളത്തിനായി മെഡൽ നേടിയ കായികതാരങ്ങളെ ആദരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിന് ശേഷം സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്ന എൻഐടി. ക്യാമ്പസിലെ സിന്തറ്റിക് ട്രാക്കും മന്ത്രി സന്ദർശിച്ചു.
സംസ്ഥാന സ്കൂൾ കായികമേള സംഘാടകസമിതി ചെയർമാൻ എം.എ. റസാഖ് എംഎൽഎ. അധ്യക്ഷത വഹിച്ചു. കെ.എം. അഭിജിത്ത് എംഎൽഎ. മുഖ്യാതിഥിയായി. സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച തീർത്ഥ പ്രശോഭിനെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Sports Minister