പ്രതീകാത്മക ചിത്രം
കടുത്തുരുത്തി; കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 22, 24 തീയതികളില്‍ നടക്കും. 22ന് ഞായറാഴ്ച വൈകുന്നേരം നാലിന് ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയില്‍ നിന്നും ജൂബിലി സമാപന വിളംബംര വാഹനറാലി. 24 ന് രാവിലെ 9.30 ന് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കുന്ന കൃതജ്ഞതാ ബലിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. 25 ഓളം വൈദീകര്‍ കാര്‍മികത്വം വഹിക്കും.
11.30 ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. മാര്‍. മാത്യു മുലക്കാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി മോന്‍സ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും, ചലച്ചിത്ര താരം ഫഹദ് ഫാസില്‍, പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, പഞ്ചായത്തംഗം ജോര്‍ജുകുട്ടി കാറുകുളം എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്നേഹ വിരുന്ന്.
പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനിന്ന കര്‍മപരിപാടികള്‍ നടത്തിയിരുന്നു. 1951 ഒക്ടോബര്‍ 21 ന് മിഷന് ഞായറാഴ്ച വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിച്ച ബിഷപ്പ് തോമസ് തറയില്‍ ദിവ്യബലിയും അര്പിച്ചു. കണ്ടാരപ്പള്ളി പോത്തന് ചാക്കോയുടെയും മാക്കീല്‍ തൊമ്മന് പുന്നൂസിന്റെയും നേതൃത്വത്തില്‍ സ്ഥലവാസികളായ 106 കുടുംബക്കാരുടെ പരിശ്രമത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായാണ് ദേവാലയം നിര്‍മിച്ചത്. 1957ലാണ് മാര്‍. തോമസ് തറയില്‍ പള്ളിയെ ഇടവകയായി ഉയര്‍ത്തിയത്. ഇപ്പോള്‍ കാണുന്ന പുതിയ പള്ളി നിര്‍മാണം പൂര്‍ത്തിയാക്കി 1993 ഏപ്രില്‍ 15 ന് മാര്‍ കുര്യാ ക്കോസ് കുന്നശേരി ദേവാലയം ആശീര്‍വദിച്ചു. പള്ളിയോട് ചേര്‍ന്ന് പാരിഷ് ഹാളും, എല്‍പി സ്കൂളും, നഴ്സറി സ്കൂളും പ്രവര്‍ത്തിക്കുന്നു.
2025 ഒക്ടോബര്‍ 21 ന് ബിഷപ്പ് മാര്‍. ജോസഫ് പണ്ടാരശ്ശേരിയാണ് ജൂബിലി തിരി തെളിച്ചു പ്ലാറ്റിനം ജൂബിലി ആഘോഷത്തിനു തുടക്കം കുറിച്ചത്. പ്ലാറ്റിനം ജൂബിലി സമാപനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. സജി മെത്താനത്ത്, തോമസ് ചാ ക്കോ കമ്മാപ്പറമ്പില്, കെ.പി. ഫിലിപ്പ് കൊല്ലംപറമ്പില്‍ എന്നിവര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്രമീകരണങ്ങള്‍
പള്ളിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൂര്‍ണമായും പന്തലിട്ട് വിപുലമായ സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. സാമുദായിക-രാഷ്ട്രീയ നേതാക്കൾ, വൈദികർ, സമര്പിതർ, മീഡിയ, പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങളുണ്ടാവും. സ്റ്റേജിലും പുറത്തുമായി എല്‍ഇഡി സ്ക്രീനുകള്‍ ഉണ്ടായിരിക്കും.
പാര്‍ക്കിംഗ്
പള്ളിയുടെ മുന്‍വശത്തുള്ള കാപ്പുങ്കല്‍ ജോയിയുടെ സ്ഥലം ഗ്രൗണ്ടായി ക്രമീകരിച്ചിട്ടുണ്ട്. പള്ളിമുറിയുടെ പുറകിലും, ബസ് സ്റ്റാന്‍ഡ്, പച്ചക്കറി മാര്‍ക്കറ്റ്, കല്ലറയ്ക്കുള്ള വഴിയുടെ ഒരുവശം ഇവിടങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. വൈദികര്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ വാഹനങ്ങള്‍ പള്ളിമുറിയുടെ മുന്നിലും മഠത്തിന്റെ മുന്നിലുമായി പാര്‍ക്ക് ചെയ്യാം. എല്ലായിടത്തും സെക്യൂരിറ്റിയുടേയും വോളണ്ടിയേഴ്സിന്റെയും സേവനമുണ്ടായിരിക്കും. ആംബുലന്‍സ് സേവനങ്ങളും ലഭ്യമായിരിക്കും. ഏവര്‍ക്കും സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.
Tags : Jubilee celebrations Nattuvishesham District News St. Thomas Knanaya Catholic Church Kuruppanthara