പാറേൽ പള്ളിയുടെ കൂദാശാകർമത്തോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
ചങ്ങനാശേരി: എല്ലാ വഴികളും പാറേല്‍ പള്ളിയിലേക്ക്. ഒരേമനസോടെ ജനസാഗരം ഒഴുകിയെത്തി, പാറേല്‍ പള്ളി കൂദാശ പ്രൗഢമായി. ചങ്ങനാശേരി അതിരൂപതയ്ക്കകത്തും പുറത്തുനിന്നുമുള്ള വിശ്വാസിസമൂഹത്തെക്കൂടാതെ നാനാജാതി മതസ്ഥരും ചടങ്ങുകള്‍ ദര്‍ശിക്കാന്‍ എത്തിയിരുന്നു. ചങ്ങനാശേരി, തൃക്കൊടിത്താനം, അതിരമ്പുഴ, കുടമാളൂർ, ചമ്പക്കുളം, എടത്വാ, ചെങ്ങന്നൂർ, പുളിങ്കുന്ന്, കൊല്ലം-ആയൂര്‍ ഫൊറോനകളില്‍നിന്നുള്ള വിശ്വാസികള്‍ക്കാണ് ഇന്നത്തെ ചടങ്ങുകള്‍ക്കെത്താന്‍ അതിരൂപതാ കേന്ദ്രം നിര്‍ദേശിച്ചിരുന്നതെങ്കിലും അതിനുമപ്പറത്തുള്ള ആളുകള്‍ പുണ്യതീര്ഥാടനകേന്ദ്രത്തിലേക്ക് എത്തി.
ശുശ്രൂഷകള്‍ നടക്കുന്നതിനു വളരെ നേരത്തേതന്നെ ഇരിപ്പിടങ്ങളുറപ്പിക്കാന് പലരും ശ്രദ്ധകാട്ടി. ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ചാണ് ആളുകള്‍ എത്തിച്ചേര്‍ന്നത്. ഇന്നലെ രാത്രിയും വന്‍ജനാവലിയാണ് പാറേല്‍ പള്ളിയുടെ മനോഹരക്കാഴ്ചകളും ആത്മീയാനുഭവങ്ങളും നേടാന്‍ എത്തിച്ചേര്‍ന്നത്.
പാറേല്‍ ഇടവകയ്ക്ക് അഭിമാനം, ആഹ്ലാദം
പാറേല്‍ പള്ളിയെ ബസിലിക്കായായി ഉയര്‍ത്തിയപ്പോള്‍ പാറേല്‍ ഇടവകയ്ക്ക് അഭിമാനം അതിലുപരി ആഹ്ലാദം. 1981 ജൂണ്‍ ഒന്നിനാണ് പാറേല്‍ പള്ളിയെ ഇടവകയായി പ്രഖ്യാപിച്ചത്.
വിവിധ ദിവസങ്ങളില്‍ പാറേല്‍ ബസിലിക്കയിലെ വിവിധ പള്ളികളുടെയും മറ്റ് സംവിധാനങ്ങളുടേയും വെഞ്ചരിപ്പ് ക്രമീകരിച്ചിട്ടുണ്ട്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 13വരെ പാറേല്‍ ബസിലിക്കയില്‍ തിരുനാളാഘോഷവും നടക്കും. ഡിസംബര്‍ എട്ടിനാണ് പ്രധാന തിരുനാള്‍.
Tags : Parel Church Nattuvishesham District News people flocked