കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി കെ. മുരളീധരൻ വാർഡുകളിൽ സന്ദർശിക്കുന്നു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും അനുമതിയായി. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ നഴ്സിംഗ് ഓഫീസര്‍ തസ്തികകള്‍ വര്‍ധിപ്പിക്കാനും റേഡിയോതെറാപ്പി വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റ് തസ്തിക സൃഷ്ടിക്കാനും തീരുമാനമായി.
ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക പുതുതായി അനുവദിക്കും. ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി വിഭാഗത്തിന് പുതിയ ഫാക്കല്‍റ്റി അല്ലെങ്കില്‍ എച്ച്ഒഡിയെ നിയമിക്കും. വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ റീപ്രൊഡക്റ്റീവ് മെഡിസിന് വിഭാഗം പുതുതായി ആരംഭിക്കാനും തീരുമാനമായി.
കുട്ടികളുടെ ഐസിയു കൂടുതല്‍ സൗകര്യങ്ങളോടെ മൂന്നാം നിലയിലേക്ക് മാറ്റും. കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ക്കായി നിലവിലുള്ള ഓപ്പറേഷന് തിയറ്റര്‍ നവീകരിക്കാനും യോഗം തീരുമാനിച്ചു.
ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് അത്യന്താപേക്ഷിതമായ ഹാര്‍ട്ട്-ലംഗ് മെഷീന് വാങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ എംഎല്‍എമാരും മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍ വാങ്ങി നല്കുന്നതില് ഫണ്ട് വിനിയോഗിക്കും. ആശുപത്രിയിലെ പഴയ കാഷ്വാലിറ്റിയിലുള്ള ചോര്‍ച്ച പരിഹരിക്കാനും വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം അടിയന്തരമായി കാണാനും മന്ത്രി നിര്‍ദ്ദേശം നല്കി. യോഗത്തില്‍ അഡ്വ. കെ. ജയന്ത് എംഎല്‍എ, കോളജ് പ്രിന്‍സിപ്പാള്‍ കെ.ജി. സജിത്ത്, സൂപ്രണ്ട് ഡോ.എം.പി. ശ്രീജയന്‍, വിവിധ വിഭാഗം മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനസമ്പര്‍ക്കം സമാപിച്ചു, നടപടികള്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം
കോഴിക്കോട്: ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ സമാപിച്ചു.
ജില്ലയിലെ ആരോഗ്യ മേഖലയിലെ വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ പരിപാടിയിലൂടെ സമാഹരിച്ചു. ജൂലൈ മുതല്‍ എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓരോ ആശുപത്രിയുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് വിശദമായ പരിശോധന നടത്തി തുടര്‍ നടപടിക്ക് മന്ത്രി നിര്‍ദേശം നല്കി. ആശുപത്രി കെട്ടിടങ്ങളുടെ അവസ്ഥ, പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങാത്ത കെട്ടിടങ്ങള്‍, പാതിവഴിയില്‍ നിലച്ചുപോയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കാരണങ്ങള്‍ പരിശോധിച്ചു.
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളെക്കുറിച്ചും സ്വന്തമായി സ്ഥലമില്ലാത്ത ആശുപത്രികള്‍, പ്രവര്‍ത്തനരഹിതമായ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണി ആവശ്യമായവ എന്നിവയുടെ വിവരം ശേഖരിച്ചു. പുതിയ സി.ടി., എംആര്‍ഐ, എക്സ്റേ, അള്‍ട്രാസൗണ്ട് മെഷീനുകള്‍ തുടങ്ങിയവ ആവശ്യമായ ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി.
മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പിലാക്കാന്‍ ഏകദേശം 30 മുതല്‍ 40 കോടി രൂപയുടെ പദ്ധതി തയ്യാറാക്കും. ആശുപത്രികളിലെ ഐപി, ഒപി രോഗികളുടെ എണ്ണം, നിലവിലെ ജീവനക്കാര്‍, അധികമായി വേണ്ട ജീവനക്കാര്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ലേബര്‍ റൂം, ഓപ്പറേഷന് തിയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ആംബുലന്‍സ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
ആരോഗ്യ വകുപ്പില്‍ ജീവനക്കാരുടെ പുനര്‍വിന്യാസം നടത്താനും പിഎസ്സി ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനമായി. ആദിവാസി മേഖലകളില്‍ മൊബൈല്‍ ട്രൈബല്‍ യൂണിറ്റ് ശക്തിപ്പെടുത്തുക, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, വയോജനങ്ങള്‍ക്കായി വയോജന വകുപ്പുമായി ആലോചിച്ച് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുക തുടങ്ങിയ പ്രത്യേക പദ്ധതികളും പരിഗണിച്ചു. നല്ല തുടക്കം പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍, ആശുപത്രി പരിസരം വൃത്തിയാക്കല്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കും.
‘ബീച്ച് ആശുപത്രിയിലെ പരിമിതികള്‍ പരിഹരിക്കും’
കോഴിക്കോട്: ബീച്ച് ആശപത്രിയിലെ നിലവിലെ പരിമിതികള്‍ പരിഹരിച്ച് ആശുപത്രിയുടെ നിലവാരം ഉയര്‍ത്തുമെന്ന് മന്ത്രി കെ. മുരളീധരന് പറഞ്ഞു. ബീച്ച് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങള്‍, ഓരോ വിഭാഗങ്ങളിലെയും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും വിന്യാസം തുടങ്ങിയ കാര്യങ്ങള്‍ മന്ത്രി വിലയിരുത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാന്‍ ബീച്ച് ആശുപത്രിയെ ശക്തിപ്പെടുത്തുന്നത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
ഇതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഡ്വ.കെ.ജയന്ത് എംഎല്‍എ, ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന് ബാബു, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. വി.പി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kozhikode