ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം
കോഴിക്കോട്: ജില്ലയിലെ കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ വായ്പകൾ അനുവദിക്കുന്നതിന് ബാങ്കുകൾ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാതല ബാങ്കിംഗ് അവലോകന സമിതി (ഡിഎൽആർസി) യോഗം നിർദേശിച്ചു. കോഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ നടന്ന യോഗം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് മാനുഷിക പരിഗണനയോടെ ഉദാരനയം സ്വീകരിക്കാൻ ബാങ്കുകൾ തയാറാകണമെന്ന് എംപി നിർദേശിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ ജില്ലയിലെ ബാങ്കുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ വായ്പകൾ ലഭ്യമാക്കുന്നതിനും സാധാരണക്കാർക്കും ചെറുകിട സംരംഭകർക്കും കർഷകർക്കും ബാങ്കിംഗ് സേവനങ്ങളും വായ്പാ സൗകര്യങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കണം. വായ്പാ വിതരണത്തോടൊപ്പം തിരിച്ചടവിലും മാനുഷിക സമീപനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി. സാധാരണക്കാർക്കും കർഷകർക്കും വിദ്യാർഥികൾക്കും തടസങ്ങളില്ലാതെ വായ്പാ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ജില്ലയിലെ ബാങ്കുകൾ മുൻഗണനാ മേഖലയ്ക്ക് ആകെ 14,072 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്.
ഇതിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയ്ക്ക് 5,630 കോടി രൂപയും കാർഷിക മേഖലയ്ക്ക് 7,973 കോടി രൂപയും വായ്പയായി നൽകിയിട്ടുണ്ട്. കാർഷിക മേഖലയിലെ വായ്പാ വിതരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ വായ്പ ഉൾപ്പെടെയുള്ള മറ്റ് മുൻഗണനാ മേഖലകളിൽ കൂടുതൽ വായ്പകൾ അനുവദിക്കുന്നതിനും ബാങ്കുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗം നിർദേശിച്ചു.
Tags : Banks should adopt a liberal and humane approach toward loan repayment: M.K. Raghavan MP