ഫാ.ഡോ. മാത്യു പോത്തന് തെക്കേക്കര
ചങ്ങനാശേരി: നാസയിലെ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും തെക്കേക്കര സ്പെക്ട്രത്തിന്റെ ഉപജ്ഞാതാവുമായ ഫാ.ഡോ. മാത്യു പോത്തന് തെക്കേക്കര വിടവാങ്ങിയിട്ട് ഇന്ന് അമ്പത് വര്‍ഷം.
ഈശോസഭാ വൈദികനും പ്രശസ്ത ജ്യോതിര്‍ഭൗതിക ശാസ്ത്രജ്ഞനും സൗരവികിരണ ഗവേഷണ രംഗത്തെ പ്രമുഖനുമായിരുന്ന ഫാ.ഡോ.മാത്യു പോത്തന്റെ ശാസ്ത്രനേട്ടങ്ങള്‍ സ്മരണീയമാണ്. 1914 നവംബര്‍ 23-ന് ചങ്ങനാശേരിയില്‍ ജനിച്ച ഫാ. തെക്കേക്കര എസ്ബി കോളജിലെ പ്രീ-യൂണിവേഴ്സിറ്റി പഠനകാലത്താണ് ശാസ്ത്ര ഗവേഷണത്തോട് തനിക്കുള്ള ആഭിമുഖ്യം മനസിലാക്കുന്നത്.
ആത്മീയതയെയും ശാസ്ത്രീയ അന്വേഷണത്തെയും ഒരുപോലെ സമന്വയിപ്പിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഭൗതികശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുകയും ഈശോസഭയില്‍ അംഗമാകുകയും ചെയ്ത അദ്ദേഹം അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം ജോര്ജ്ടൗണ് സര്‍വകലാശാലയില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു.
ഫാ. തെക്കേക്കരയുടെ ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ ഫലപ്രദതലത്തിലെത്തിയത് നാസയുടെ ഗോദര്‍ദ് സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ ചേര്‍ന്നതോടെയാണ്. സ്പെക്ട്രോഫോട്ടോമെട്രി, ബഹിരാകാശ ശാസ്ത്രം എന്നീ മേഖലകളില്‍ അദ്ദേഹം നിര്‍ണ്ണായക നേട്ടങ്ങള്‍ കൈവരിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു.
1967-ല്‍ നാസ 711 ഗലീലിയോ പരീക്ഷണത്തിന്റെ പ്രധാന ഗവേഷകനെന്ന നിലയില്‍ 38,000 അടി ഉയരത്തില്‍ പറക്കുന്ന ഗവേഷണ വിമാനത്തില്‍ സഞ്ചരിച്ച് അന്തരീക്ഷ തടസങ്ങളില്ലാതെ സൗരവികിരണം അളക്കുന്നതിനുള്ള സംഘത്തിന് അദ്ദേഹം നേതൃത്വം നല്കി. അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ സൗരസ്ഥിരാങ്കത്തിന്റെ കൃത്യമായ അളവ് നിര്‍ണയിക്കുകയും തെക്കേക്കര സ്പെക്ട്രം എന്ന പേരില്‍ അന്തരീക്ഷത്തിന് പുറത്തുള്ള സൗര വികിരണത്തിന്റെ തോത് കണക്കാക്കാനുള്ള അളവുകോല്‍ രൂപീകരിക്കുകയും ചെയ്തു.
1976 നവംബര്‍ 25ന് ഹൃദയാഘാതത്തെതുടര്‍ന്ന് അദ്ദേഹം വിടവാങ്ങി. അദ്ദേഹത്തിന്റെ പൈതൃകം ഇന്നും എസ്ബി കോളജിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ പുതുതലമുറയ്ക്ക് പ്രചോദനമായി തുടരുന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം എംഎസ്സി ഫിസിക്സ് വിദ്യാര്‍ഥികള്‍ക്കായി ഫാ.ഡോ. മാത്യു പോത്തന് തെക്കേക്കര അവാര്‍ഡ് എല്ലാ വര്‍ഷവും നല്കി വരുന്നു. ഇത്തിത്താനം ഏനാചിറയിലാണ് ഫാ.മാത്യു പോത്തന്റെ തറവാട് സ്ഥിതി ചെയ്യുന്നത്.
Tags : Fr. Dr. Mathew Pothan Thekkekara. space scientist NattuVishesham DistrictNews