എരുമേലി വലിയതോട്ടിൽ കരിങ്കല്ലുമ്മുഴി ഭാഗത്ത് ഇന്നലെ റവന്യു ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ച പ്രദേശം.
എരുമേലി: വലിയ തോടിന്റെ ഇരുകരകളിലെ സ്ഥലങ്ങൾ കൈയേറിയത് വീണ്ടെടുക്കാൻ വിവരശേഖരണം ആരംഭിച്ചു. തോടിനോടു ചേർന്ന് നിർമിച്ചിട്ടുള്ള വലിയ കെട്ടിടങ്ങൾ തോട് പുറമ്പോക്കിൽ ആണെന്ന് വ്യക്തമായാൽ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് റവന്യു വകുപ്പ്.
തോടിന്റെ ഇരുകരകളിലുമുള്ള സ്ഥലം ഉടമകളുടെ പേരും വിലാസവും സർവേ നമ്പറും ശേഖരിക്കുന്ന ജോലിയാണ് ഇന്നലെ ആരംഭിച്ചത്. ഇതിനുശേഷം ഇവർക്ക് നോട്ടീസ് നൽകും. തോടും സ്ഥലവും അളന്ന് നിർണയിക്കുന്ന തീയതി അറിയിച്ചാണ് നോട്ടീസ് നൽകുക. തുടർന്ന് അളവ് നിർണയം നടത്തും. ഒപ്പം അതിര് കുറ്റികൾ സ്ഥാപിക്കും. ഇതിനുശേഷം കൈയേറ്റം തിട്ടപ്പെടുത്തി നോട്ടീസ് നൽകും. തുടർന്നാണ് സ്ഥലം വീണ്ടെടുക്കൽ നടപടികൾ സ്വീകരിക്കുകയെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.
കരിങ്കല്ലുമ്മുഴിയിലാണ് ഇന്നലെ വിവരശേഖരണം ആരംഭിച്ചത്. എരുമേലി തെക്ക് വില്ലേജ് ഓഫിസർ സി.എം. അഷ്റഫിന്റെ നേതൃത്വത്തിൽ ഏഴ് റവന്യു ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. കരിങ്കല്ലുമ്മുഴി മുതൽ ആമക്കുന്ന് പാലം വരെയാണ് വിവരശേഖരണം നടത്തുക. തോടും സ്ഥലവും അളന്ന് നിർണയിക്കുന്നതിന് താലൂക്ക് സർവേ ടീമിനെ നിയോഗിക്കുമെന്ന് ഭൂരേഖ തഹസിൽദാർ യാസിർ ഖാൻ അറിയിച്ചു. നിയമസഭ പരിസ്ഥിതി സമിതി കഴിഞ്ഞ ദിവസം എരുമേലി വലിയതോട് സന്ദർശിച്ചിരുന്നു. തോട്ടിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് സമിതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് റവന്യു വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത്, ഇറിഗേഷൻ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്ഥലവും തോടും അളന്ന് കൈയേറ്റം തിട്ടപ്പെടുത്തി ഒഴിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയെന്ന് റവന്യു വകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ പൊലിസ് സഹായം തേടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Encroachment on Erumeli Valiyathodu Nattuvishesham DistrictNews