പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജീവവായു തേടുന്ന ഓരോ ശ്വാസത്തിലും വിഷപ്പുക നിറയുന്ന രാജ്യതലസ്ഥാനത്ത് ശ്വാസകോശ അർബുദം പടർന്നുപിടിക്കുന്നു.
ഡൽഹിയിലെ നാല് പ്രമുഖ സർക്കാർ ആശുപത്രികളിൽ മാത്രം കഴിഞ്ഞ ആറര വർഷത്തിനിടെ 6,581 പേർക്കാണു ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്. ഈ കാലയളവിൽ 913 പേർ മരണത്തിനു കീഴടങ്ങിയതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു. അതായത്, ശരാശരി മൂന്നു ദിവസത്തിൽ ഒരാൾ വീതം ഡൽഹിയിൽ ശ്വാസകോശ അർബുദം മൂലം മരണത്തിനു കീഴടങ്ങുകയാണ്.
ആഗോളതലത്തിൽ വായു ഗുണനിലവാരത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന നഗരങ്ങളിലൊന്നായ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ജീവന് എത്രത്തോളം ഭീഷണിയാകുന്നു എന്നതിന്റെ സാക്ഷ്യമാണ് ഈ കണക്കുകൾ. 2020 ജനുവരി ഒന്നുമുതൽ ഈ വർഷം ജൂലൈ 31 വരെയുള്ള കാലയളവിൽ പ്രതിമാസം ശരാശരി 81 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കണക്കുകൾ ഞെട്ടിക്കുന്നു
ഡൽഹി എയിംസ്, ആർഎംഎൽ, സഫ്ദർജംഗ്, ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ സഫ്ദർജംഗ് ആശുപത്രി മരണസംഖ്യ മാത്രമാണു വെളിപ്പെടുത്തിയത്. ആകെ രോഗികളുടെ എണ്ണം നൽകിയിട്ടില്ല. ബാക്കി മൂന്ന് ആശുപത്രികളിലെ മാത്രം രോഗികളുടെ എണ്ണമാണ് 6,581 ആയി രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ രോഗികൾ ചികിത്സ തേടിയത് എയിംസിലാണ്. 2020 ജനുവരി മുതൽ ഈവർഷം മാർച്ച് വരെ 4,860 പേർക്കു രോഗം സ്ഥിരീകരിക്കുകയും 158 പേർ മരിക്കുകയും ചെയ്തു. ഇവിടെ പ്രതിമാസം ശരാശരി 65 പുതിയ രോഗികളെത്തുന്നുണ്ട്. മാസത്തിൽ രണ്ടു മരണവും സംഭവിക്കുന്നു. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2020 ജനുവരി മുതൽ ഈവർഷം ജൂലൈ വരെ 1,613 പേർക്ക് അർബുദം സ്ഥിരീകരിച്ചു. 354 പേരാണു ഇവിടെ മരണത്തിനു കീഴടങ്ങിയത്.
പ്രതിമാസം ശരാശരി 20 പുതിയ കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. സർക്കാർതലത്തിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഡൽഹിയിലെ വായു ഗുണനിലവാര സൂചിക പലപ്പോഴും 400നു മുകളിലാണ്. അന്തരീക്ഷത്തിലെ അപകടകരമായ സൂക്ഷ്മ പൊടിപടലങ്ങളുടെ വാർഷിക ശരാശരി അളവ് 197 മൈക്രോഗ്രാമാണ്. ഇതു ശ്വാസകോശങ്ങളെ നേരിട്ടു തകർക്കുകയും അർബുദത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
Tags : lung cancer Delhi Disease Delhi AIIMS RML Safdarjung Delhi State Cancer Institute Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash