സമാപന ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കുന്നു
കടുത്തുരുത്തി: യേശുക്രിസ്തുവിന്റെ വചനങ്ങള്‍ മാതൃകയാക്കി സഹാനുഭൂതിയോടെയുള്ള ഭരണം നടത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാനും നിര്‍ധനരും നിരാലംബരുമായവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറാനുമാണ് ക്രിസ്തു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ദേവാലയമെന്നത് ചുവരുകള്‍കൊണ്ട് കെട്ടിപ്പൊക്കുന്ന കെട്ടിടമല്ല. വിശ്വാസികളുടെ പ്രാര്‍ഥനകളിലൂടെ ദൈവത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകുന്ന വിശുദ്ധ മന്ദിരങ്ങളാണ്. പ്രാര്‍ഥനയിലൂടെയാണ് അനന്തമായ ദൈവകൃപകള്‍ ലഭിക്കുന്നത്. ദൈവഹിതമറിയാന്‍ പ്രാര്‍ഥന സഹായിക്കും. തിരിച്ചറിവും നല്ല ബോധ്യങ്ങളും ഉണ്ടാകണമെങ്കില്‍ ദൈവകൃപ ആവശ്യമാണെന്നും വി.ഡി. സതീശന് പറഞ്ഞു.
ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മന്ത്രി മോന്‍സ് ജോസഫ്, ഫ്രാന്‍സീസ് ജോര്‍ജ് എംപി, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വികാരി ഫാ. സജി മെത്താനത്ത്, ചലച്ചിത്രതാരം ഹഹദ് ഫാസിൽ, പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, പഞ്ചായത്തംഗം ജോര്‍ജുകുട്ടി കാറുകുളം, തോമസ് ചാക്കോ കമ്മാപ്പറമ്പില്, ജിന്‍സി കണ്ടാരപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജൂബിലിയോടുനുബന്ധിച്ചു തയാറാക്കിയ സുവനീറിന്റെ പ്രകാശനം ഫഹദ് ഫാസിലിന് നല്കി മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു.
സമ്മേളനത്തിന് മുമ്പായി പള്ളിയില്‍ നടന്ന കൃതജ്ഞതാബലിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനിന്ന കര്‍മപരിപാടികള്‍ നടത്തിയിരുന്നു.
1951 ഒക്ടോബര്‍ 21 ന് മിഷന് ഞായറാഴ്ച വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിച്ചത് ബിഷപ് തോമസ് തറയിലാണ്.
കണ്ടാരപ്പള്ളി പോത്തന് ചാക്കോയുടെയും മാക്കീല്‍ തൊമ്മന് പുന്നൂസിന്റെയും നേതൃത്വത്തില്‍ സ്ഥലവാസികളായ 106 കുടുംബക്കാരുടെ പരിശ്രമത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായാണ് ദേവാലയം നിര്‍മിച്ചത്.
1957ലാണ് മാര്‍ തോമസ് തറയില്‍ പള്ളിയെ ഇടവകയായി ഉയര്‍ത്തിയത്.
Tags : Christs words should be taken as an example: Chief Minister Christs NattuVishesham DistrictNews