റെയിൽവേ ഗേറ്റിനോടു ചേർന്ന് റോഡ് തകർന്ന നിലയിൽ.
അതിരമ്പുഴ: അതിരമ്പുഴ - പാറോലിക്കൽ റോഡിലെ പാറോലിക്കൽ റെയിൽവേ ഗേറ്റിലെ അപ്രോച്ച് റോഡും റെയിൽവേ ട്രാക്കും അപകടക്കെണിയായിട്ട് നാളുകളായി. ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ നടുവൊടിയുന്പോ ഴും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല.
ഇരുവശങ്ങളിലും റോഡിന്റെ ഗേറ്റിനോടു ചേർന്ന ഭാഗം വലിയ കുഴികളാണ്. ഒരു കുഴിയിൽനിന്ന് മറ്റൊന്നിലേക്ക് ചാടിച്ചാടി വേണം വാഹനങ്ങൾ കടന്നുപോകാൻ. കുഴികൾ കടന്ന് ട്രാക്കിലേക്കെത്തിയാൽ അതിലും അപകടാവസ്ഥയാണ്. ട്രാക്കുകൾക്കിടയിൽ ഇട്ടിരിക്കുന്ന കോൺക്രീറ്റ് കട്ടകൾ തമ്മിൽ വലിയ അകലമാണ്. ഈ വിടവുകളിൽ മെറ്റൽ മാത്രം നിറച്ചിരിക്കുന്നു. ഇപ്പോൾ മെറ്റൽ തെറിച്ചു മാറി വിടവുകൾ തെളിഞ്ഞ നിലയിലാണ്. ഈ വിടവുകളിൽ വാഹനങ്ങൾ കുരുങ്ങിയും ഇളകിയ മെറ്റലിൽ നിയന്ത്രണം നഷ്ടപ്പെട്ടും അപകടങ്ങൾ ഉണ്ടാകുന്നു.
അതിരമ്പുഴയെയും സമീപ പ്രദേശങ്ങളെയും എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ്. തെള്ളകത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ജീവനക്കാരും ചികിത്സയ്ക്കും ജോലിയാവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവരുമായി നിരവധിയാളുകളാണ് ദുരിതംപേറി ഇതുവഴി കടന്നുപോകുന്നത്. രോഗികൾക്കാണ് ഏറെ ബുദ്ധിമുട്ട്.
റെയിൽവേ ഗേറ്റുകളിൽ ട്രാക്കിനോടു ചേർന്ന റോഡ് ഭാഗം ആധുനിക രീതിയിൽ നിർമിക്കുന്നതിന് റെയിൽവേ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇതിനായുള്ള നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ നിർത്തിയതാണ് പ്രശ്നമായിരിക്കുന്നത്. ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും സമ്മർദ്ദം ഉണ്ടായാലേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂ.
Tags : A desperate struggle to get past this trap desperate struggle NattuVishesham DistrictNews