വാഹനമിടിച്ചു തകർന്ന മാനാഞ്ചിറയുടെ ചുറ്റുമതിൽ.
കോഴിക്കോട്: വാഹനാപകടത്തെത്തുടർന്ന് തകർന്ന മാനാഞ്ചിറയുടെ സംരക്ഷണ മതിൽ നന്നാക്കാന്ഇനിയും നടപടിയില്ല. സെപ്റ്റംബർ 24ന് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കുളത്തിന്റെ പടിഞ്ഞാറ് കോംട്രസ്റ്റിന്റെ എതിർഭാഗത്തായി മതിലിന്റെ ഭാഗം തകർന്നത്.
നിലവിൽ ഇവിടം താത്കാലിക വേലികെട്ടി മറച്ചിരിക്കുകയാണ്. ഏറെ വാഹനത്തിരക്കുള്ള റോഡിന്റെ വളവ് തിരിയുന്ന ഭാഗത്തെ മതിൽ തകർന്നത് അപകടഭീതിയുയർത്തുന്നു. വേഗത്തിൽ വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ടാൽ കുളത്തിൽ പതിക്കുന്ന നിലയാണ്. രാത്രികാലങ്ങളിലാണ് അപകടസാധ്യത കൂടുതൽ പുനർനിർമാണച്ചുമതല മരാമത്ത് എന്‍ജിനിയറിംഗ് വിഭാഗത്തെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഉടൻ പ്രവൃത്തി പൂർത്തീകരിക്കുമെന്നുമായിരുന്നു അന്ന് അധികൃതർ അറിയിച്ചത്.എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നുമായില്ല.
മതിൽ തകർന്നതോടെ റോഡിൽനിന്ന് കുളത്തിലേക്ക് മാലിന്യം തള്ളാനും സാധ്യതയേറെയാണ്.കൈയേറ്റങ്ങളിൽനിന്നും മാലിന്യനിക്ഷേപത്തിൽനിന്നും മാനാഞ്ചിറ കുളം സംരക്ഷിക്കാനാണ് ചുറ്റുമതിൽ നിർമിച്ചത്. മതിലിന്റെ പലഭാഗങ്ങളും കാലപ്പഴക്കംമൂലം ജീർണാവസ്ഥയിലാണ്. മതിലിൽ ഘടിപ്പിച്ച വൈദ്യുതി വിളക്കുകൾ മിക്കതും തകർന്നുകഴിഞ്ഞു.
Tags : damaged wall at Mananchira nattu vishesham local news two months enough to repair damaged wall