കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങള്‍.
കോഴിക്കോട്: നഗരത്തില്‍ ഹോട്ടലുകളില്‍ കോര്പറേഷന് ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും കരിമ്പ് ജ്യൂസ് കേന്ദ്രത്തില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.
മുതലക്കുളത്തെ മലബാര്‍ പാലസ് ഹോട്ടല്‍, ബീച്ചിലെ സീക്വീന്‍ ഹോട്ടല്‍, ബീച്ചിലെ കൂള്‍ കെയിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത് ഒരാഴ്ച പഴക്കമുള്ള ചിക്കന്‍, ഒരു മാസത്തോളം പഴക്കമുള്ള മസാലക്കൂട്ട്, പഴകിയ ബീഫ് മസാല, വേവിച്ച ഗ്രീന്‍പീസ്, പച്ചക്കറികള്‍ എന്നിവയാണ് പിടികൂടിയത്.
കൂള്‍ കെയിന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് ബോക്സ് പൂപ്പല്‍ ഉള്ള കരിമ്പുകളാണ് പിടികൂടിയത്. അടുക്കളയും പരിസരവും വൃത്തിഹീനമായി കണ്ടെത്തിയ സംസം ഹോട്ടലിന് (ബീച്ച് റോഡ് ) നോട്ടീസ് നല്കി. മലിനജലം പൊതു ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയ നഹിദി മന്തി (ബീച്ച് റോഡ് ) എന്ന സ്ഥാപനത്തിനും നോട്ടീസ് നല്കി.
ഹോട്ടലുകളില്‍ വൃത്തിഹീനമായ ഫ്രീസറുകളില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതായും അടുക്കളയും പരിസരവും വൃത്തിഹീനമായി കിടക്കുന്നതായും കണ്ടെത്തി. ജൈവ, അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്പ്പെടുത്തിയിട്ടില്ലാത്തതും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാതെ പൊതുഓവുചാലുകളിലേക്ക് ഒഴുക്കിവിടുന്നതും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടു.
നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയുമാണ്. ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പുവരുത്തുന്നതിനായി നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
പരിശോധനയില്‍ കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.ദിലീപ് കുമാര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.റിഷാദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.രാജേഷ്, വിഷ്ണു പ്രസാദ്, സോണിയ എന്നിവര്‍ പങ്കെടുത്തു.
Tags : Inspections conducted at hotels nattu vishesham local news food items and moldy sugarcane seized.