പത്തനംതിട്ട: ഒമ്പതിനു നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
9,74,802 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 5,08,251 സ്ത്രീകളും 4,66,546 പുരുഷന്മാരും അഞ്ച് ട്രാന്‍സ്ജെന്‍ഡറും. 1207 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 25 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുണ്ട്. 25 സ്ത്രീ സൗഹൃദ ബൂത്തുകളുമുണ്ട്.
121 സെക്ടറല്‍ ഉദ്യോഗസ്ഥര്‍ ജോലിക്കുണ്ട്. എഫ്എസ്ടി ഉള്‍പ്പെടെ ജില്ലയിലെ സ്ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട പരിശീലനം ഇന്ന് പൂര്‍ത്തിയാകും. ഉദ്യോഗസ്ഥര്‍ക്കായി മോക്ഡ്രില്ലുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഹോം വോട്ടിംഗ് ജില്ലയില്‍ പൂര്‍ത്തിയായി. 85 വയസിനു മുകളിലുള്ളവരും ഭിന്നശേഷിക്കാരുമായി 96.87 ശതമാനം ആളുകള്‍ ഹോം വോട്ട് രേഖപ്പെടുത്തി.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പരിശീലന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് എല്ലാ മണ്ഡലത്തിലും പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ ഒരുക്കി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കെ. എസ്. നസിയ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഞ്ച് വിതരണ കേന്ദ്രങ്ങള്‍
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അഞ്ച് വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കുറ്റപ്പുഴ മാര്‍ത്തോമ്മ റസിഡന്‍ഷല്‍ സ്കൂള്‍ (തിരുവല്ല), മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (ആറന്മുള), അടൂര്‍ സര്‍ക്കാര്‍ ബിഎഡ് സെന്റര്‍ (അടൂര്‍), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി (കോന്നി) എന്നിവയാണ് ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങൾ.
നാളെ രാവിലെ എട്ടിന് പോളിംഗ് സാമഗ്രികളുടെ വിതരണം അതത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. വോട്ടെടുപ്പിനുശേഷം ഇതേ കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളടക്കം സ്വീകരിക്കും. പിന്നീട് ഇവ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് അന്നു രാത്രി തന്നെ മാറ്റുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിൽ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളുടെ കേന്ദ്രം കോഴഞ്ചേരി സെന്റ് തോമസ് കോളജും ആറന്മുള, അടൂര്‍ എന്നിവയുടെ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലുമാണ്. മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയാണ് കോന്നി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം.
മൊബൈല്‍ ഫോണ്‍ പുറത്ത് സൂക്ഷിക്കണം; വിവിപാറ്റുകളും എണ്ണും
വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും പ്രിസൈഡിംഗ് ഓഫീസറുടെ കണക്കുകളും തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍ വിവിപാറ്റുകള്‍ എണ്ണുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.
വോട്ടിംഗ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ കടത്തിവിടില്ല. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിനു പോളിംഗ് ബൂത്തുകള്‍ക്ക് പുറത്ത് പ്രത്യേക ക്രമീകരണം ഉണ്ടാകും.
സ്റ്റാഫ് വിന്യാസം, ഇവിഎം ആന്‍ഡ് വിവിപാറ്റ് തയാറെടുപ്പ്, സുരക്ഷാ ക്രമീകരണം, ഗതാഗതസൗകര്യം, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കണ്ട്രോള് റൂം എന്നിവ പോളിംഗ് ദിനത്തിലേക്ക് സജ്ജമാക്കിയതായും കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമലംഘനം സിവിജില്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാം.
വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണം പുരോഗമിക്കുന്നു. വിവരങ്ങള്‍ വായിക്കാനും എളുപ്പത്തില്‍ മനസിലാക്കാനും വോട്ടര്‍മാരുടെ പാര്‍ട്ട് നമ്പർ, സീരിയല്‍ നമ്പര്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ബൂത്തുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ബൂത്തിനു പുറത്തും അകത്തും ഓരോ കാമറകള്‍ ഘടിപ്പിക്കും. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് പോളിംഗ് വിവരങ്ങള്‍ പ്രൊ ആപ്പിലൂടെ അപ്ഡേറ്റ് ചെയ്യും. സക്ഷം ആപ്പിലൂടെ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോളണ്ടിയർ, വീല്‍ചെയര്‍ സംവിധാനം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 3000 അംഗ സേന
പോളിംഗ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് സ്പെഷല്‍ പോലീസുള്‍പ്പെടെ 3000 പേരെ ജില്ലയില്‍ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. പോലീസ് സേനാംഗങ്ങള്‍ക്കു പുറമേ ഇതര സംസ്ഥാന പോലീസിന്റെയും കേന്ദ്രസേനയുടെയും സഹായമുണ്ടാകും. ഇതുകൂടാതെയാണ് സ്പെഷല്‍ പോലീസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. എല്ലാ പോളിംഗ് ബൂത്തുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സേനാംഗങ്ങളെ നിയോഗിക്കും.
സ്പെഷല്‍ സ്ക്വാഡുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലയില്‍ ഉണ്ടാകും. പ്രശ്നബാധിത ബൂത്തുകളിലേക്ക് കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. വോട്ടിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കും.
പരസ്യപ്രചാരണം ആറുവരെ
തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറിന് അവസാനിക്കും. നിയോജക മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ കലാശക്കൊട്ടിനായി പ്രധാന സ്ഥാനാര്‍ഥികള്‍ക്കായി അതത് പോലീസ് സ്റ്റേഷന് എസ്എച്ച്ഒമാരുടെയും ഡിവൈഎസ്പിമാരുടെയും ചുമതലയില്‍ സ്ഥലം ക്രമീകരിക്കും.
പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ച് സമാപന പരിപാടികള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. പരസ്യപ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്മെന്റും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കും. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റച്ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയം തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ച എല്ലാവിധ നിയമനടപടിയും സ്വീകരിക്കും. സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ പോലീസ് മേധാവി ആവശ്യപ്പെട്ടു.
Tags : nattu vishesham 1207 polling stations in district