ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകളില്‍ ഈ വര്‍ഷം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് എച്ച്എസ്എസ്
തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ ഈ വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയമായി മുട്ടം ടെക്നിക്കല്‍ ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങി വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്. തിരുവനന്തപുരത്ത് മന്ത്രി എന്‍. ഷംസുദ്ദീന് ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്പെഷല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് കാഷ് അവാര്‍ഡ്. പുരസ്കാരത്തുകയ്ക്ക് പുറമേ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്കൂളുകള്‍ക്ക് വിതരണം ചെയ്തു.
Tags : Local News Nattuvishesham Little Kites Award Koombanpara HSS