അതിരമ്പുഴ: പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ കൈകോർത്തപ്പോൾ വർഷങ്ങളായി മലിനമായിക്കിടന്ന തോട്ടിൽ തെളിനീരൊഴുകി. അതിരമ്പുഴ പഞ്ചായത്ത് 22-ാം വാർഡിൽ മാടപ്പള്ളി തോടാണ് പഞ്ചായത്ത് മെംബർ ജോയ്സ് ആൻഡ്രൂസ് മൂലേക്കരിയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.
പെരുമ്പുഴ ഭാഗത്തുനിന്ന് ആരംഭിച്ച് പെണ്ണാർതോട്ടിൽ അവസാനിക്കുന്ന ഒരു കിലോമീറ്ററോളം നീളമുള്ള മാടപ്പള്ളി തോട് വൃത്തിയാക്കാൻ മെംബർ ജോയ്സ് ആൻഡ്രൂസിന്റെ അഭ്യർഥനയെത്തുടർന്ന് നാട്ടുകാർ ശ്രമദാനത്തിനെത്തി. തൊഴിലുറപ്പു തൊഴിലാളികളും സൗജന്യമായി സേവനം നൽകി. വലിയ ജെസിബി കടന്നുപോകാൻ ഭൂവുടമകൾ തോടരികുകളിൽ സൗകര്യമൊരുക്കിക്കൊടുത്തു.
വർഷങ്ങളായി പോളയും പുല്ലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്കുനിലച്ച നിലയിലായിരുന്നു തോട്. മഴക്കാലത്ത് തോടരികിലുള്ള വീടുകളിൽ വെള്ളം കയറുന്നതും പതിവായിരുന്നു.
മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കിയതോടെ തോട്ടിലെ ജലനിരപ്പ് മൂന്ന് അടിയോളം താഴ്ന്നിട്ടുണ്ട്. ഇതോടെ മഴക്കാലത്ത് തോട് കവിഞ്ഞൊഴുകാനുള്ള സാധ്യത ഇല്ലാതായി. വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് ഒഴിവായ ആശ്വാസത്തിലാണ് തോടരികിലെ താമസക്കാർ.
Tags : nattu vishesham Locals gathered