കാഞ്ഞങ്ങാട് ടിബി റോഡില്‍ ലോറിയുടെ കാബിന് ഉപേക്ഷിച്ച നിലയില്‍.
കാഞ്ഞങ്ങാട്: അപകടമുണ്ടാക്കി കസ്റ്റഡിയിലെടുത്ത ടോറസ് ലോറിയുടെ കാബിന് നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍. കാഞ്ഞങ്ങാട് ടിബി റോഡിലെ വാഹനങ്ങള്‍ക്ക് ഭീഷണിയാകുകയാണ് ഈ കാബിന്.
ഈ മാസം രണ്ടിന് ദേശീയപാതയില്‍ ആറങ്ങാടിയില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കുമ്പള ഷിറിയ സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ ലോറിയുടെ മുന്‍ഭാഗമായ കാബിനാണ് ഇപ്പോൾ രണ്ടു സ്ഥലങ്ങളിലായി അലക്ഷ്യമായി നിര്‍ത്തിയിട്ടിരിക്കുന്നത്. ലോറിയുടെ ഒരു ഭാഗം പൊലിസ് സ്റ്റേഷന് മുന്‍വശത്തും, കാബിന് നെഹ്റു സ്മൃതി മണ്ഡപത്തിന് സമീപത്തെ ടിബി റോഡിലെ നടുറോഡിലുമാണ് ഇട്ടിരിക്കുന്നത്.
കുശാല്‍ നഗറില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് കാബിന് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ എതിര്‍വശത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയുന്നില്ലെന്നും വലിയ അപകട സാധ്യതയാണ് ഇതുണ്ടാക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
രാത്രികാലങ്ങളില്‍ വെളിച്ചക്കുറവുള്ളതിനാല്‍ അപകട സാധ്യത ഇരട്ടിയാകുകയാണ്. അപകടമുണ്ടാക്കിയ വാഹനം ഇത്തരത്തില്‍ ഗതാഗത തടസമുണ്ടാക്കുന്ന രീതിയില്‍ നടുറോഡില്‍ ഉപേക്ഷിച്ച പൊലീസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എത്രയും പെട്ടെന്ന് കാബിന് റോഡില്‍നിന്ന് മാറ്റണമെന്നാണ് ഡ്രൈവര്‍മാരുടെയും ആവശ്യം.
Tags : NattuVishesham DistrictNews