തൃശൂർ: മൂന്നുമാസത്തിൽ ഒരിക്കൽ വിളിച്ചുചേർക്കേണ്ട എൽപിജി ഓപ്പണ്‍ ഫോറം ജില്ലയിൽ പതിനൊന്നുമാസമായിട്ടും വിളിച്ചുകൂട്ടാത്തതിൽ ജില്ലാ ഉപഭോക്തൃ സമിതി പ്രതിഷേധിച്ചു. ഉപഭോക്തൃ സമിതി പ്രവർത്തകർ നിരവധിതവണ അധികാരികളോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടാകുന്നില്ല.
ജില്ലാ കളക്ടർക്കുവേണ്ടി ജില്ലാ സപ്ലൈ ഓഫീസറാണ് യോഗം വിളിക്കേണ്ടത്. എൽപിജി വിതരണവുമായി ബന്ധപ്പെട്ടു ഒട്ടേറെ പരാതികളുണ്ട്. ഗ്യാസ് സിലിണ്ടർ നൽകുന്പോൾ ബിൽ നൽകാതിരിക്കുക,ബിൽ തുകയെക്കാൾ കൂടുതൽ തുക നിർബന്ധിച്ചുവാങ്ങുക. അധികതുക നൽകാത്തവർക്കു ഗ്യാസ് എത്തിക്കുന്നതിൽ കാലതാമസം വരുത്തുക. അന്യായമായ ട്രാൻസ്പോർട്ടിംഗ് ചാർജ് ഈടാക്കുക. സിലിണ്ടർ കൊണ്ടുവരുന്പോൾ ഒരുതവണ വീട്ടിൽ ആളില്ലാതെ വന്നാൽ, മറ്റൊരു അറിയിപ്പ് കൂടാതെ ബുക്കിങ് കാൻസൽ ചെയ്യുക തുടങ്ങിയ നിരവധി പരാതികൾക്ക് അടിയന്തിര പരിഹാരം കാണേണ്ടതുണ്ട്.
എൽപിജി ഓപ്പണ്‍ ഫോറം ഉടനേ വിളിച്ചു കൂട്ടുന്നതിനു ജില്ലാ കളക്ടർ ജില്ലാ സപ്ലൈ ഓഫീസർക്കു കർശനനിർദേശം നൽകണമെന്നു ജില്ലാ ഉപഭോക്തൃസമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ അധ്യക്ഷത വഹിച്ചു. അനിയൻ കൊടകര, കെ. മോഹൻദാസ്, ജോണി വർഗീസ്, സി. വിശ്വനാഥൻ, ജോണി പുല്ലോക്കാരൻ എന്നിവർ പ്രസംഗിച്ചു.