അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വൻ ലഹരി വേട്ട. എട്ടു ലക്ഷം രൂപയോളം വില വരുന്ന ഹാൻസ് അടച്ചിട്ട മുറിയിൽനിന്ന് പിടികൂടി. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർ വശമുള്ള കൊച്ചീത്തറ ബിൽഡിംഗിൽനിന്നാണ് 16 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പിടികൂടിയത്.
കടയുടമ അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത് ലാൽ രക്ഷപ്പെട്ടു. ഇദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള കടമുറിയിലാണ് ചാക്കുകളിലായി ഹാൻസ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസ് സംഘം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെടുത്തത്.
ഒരു ചാക്കിൽ 50 വലിയ പാക്കറ്റ് ഹാൻസാണുള്ളത്. ഇത്തരത്തിൽ പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച നിലയിലുള്ള രണ്ടു ചാക്കുകളിലുമായിരുന്നു ഹാൻസുണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിടികൂടിയ ആഡംബര കാറിലും ചാക്കുകളിൽ ഹാൻസുണ്ടായിരുന്നു. ഏകദേശം എട്ടു ലക്ഷം രൂപ വിലവരുന്ന ഹാൻസാണ് പിടികൂടിയത്.
നേരത്തെയും നിരോധിത പുകയില ഉത്പന്നം വിറ്റ കേസിൽ പ്രതിയായ ആളാണ് രഞ്ജിത് ലാൽ. ഹാൻസ് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷ്, അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ് കുമാർ, സബ് ഇൻസ്പെക്ടർ പി.പി. സജിമോൻ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അമൽ ചന്ദ്രൻ, അസി. സബ് ഇൻസ്പെക്ടർ അബ്ദുൾ സലീം എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Tags : Nattuvisham District News