പ്രതീകാത്മക ചിത്രം
നീലംപരൂര്: പള്ളി ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് പൂരം പടയണിക്ക് തുടക്കം കുറിച്ച് മകം പടയണി അരങ്ങേറും. ഇന്നലെ പടയണികള്‍ക്ക് കാവലായി പടയണിക്കളത്തില്‍ കാവല്‍ പിശാച് എത്തി. രാത്രി പത്തിന് ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്.
ഇന്ന് ഗന്ധര്‍വ നഗരത്തില്‍ കണ്ട ക്ഷേത്രദര്‍ശനത്തിന്റെ കാഴ്ചയായ അമ്പലക്കോട്ട എഴുന്നള്ളും. പതിനഞ്ചു ദിവസത്തെ പടയണി ചടങ്ങുകളില്‍ പതിനാലാം ദിവസമാണ് മകം പടയണി. മകം പടയണിയില്‍ അടിയന്തര കോലമായി എഴുന്നെള്ളുന്നത് അമ്പലക്കോട്ടയാണ്. നെല്ലിന്റെ നാളായ മകം നാളിലാണ് മകം പടയണി ക്ഷേത്രമുറ്റത്ത് നടത്തുന്നത്. രാവിലെ 9 മുതല്‍ ചിറമ്പുകുത്ത് ആരംഭിക്കും. രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി എന്നിവ നടക്കും. തുടര്‍ന്ന് വേലയന്നങ്ങളും അമ്പലക്കോട്ടയും എഴുന്നെള്ളും.
നാളെ പ്രസിദ്ധമായ പൂരം പടയണി നടക്കും. നൂറുകണക്കിനാളുകളുടെ ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും അകമ്പടിയില്‍ ഒരു വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും പുത്തനന്നങ്ങളും കൂടാതെ അവിട്ടം നാളില്‍ ചൂട്ടുവച്ച് ആരംഭിച്ച കോലങ്ങളും പൂരം പടയണിയില്‍ ഒന്നിച്ച് വല്യന്നത്തിന് കൂട്ടായി പടയണിക്കളത്തില്‍ എത്തും. അന്നങ്ങളുടെയും കോലങ്ങളുടെയും അവസാന ഘട്ട പണിയില്‍ സജീവമാണ് ക്ഷേത്രപരിസരം, പുത്തന്‍ അന്നങ്ങളുടെ വരിച്ചില് ജോലികളാണ് പ്രധാനമായും നടക്കുന്നത്.