ഷിജാസ്
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 19 -ാം വാര്‍ഡ് കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകന് ഷിജാസ് (18) ആണ് മരിച്ചത്.
ഈ മാസം മൂന്നിന് പുലര്‍ച്ചെ 3.20ന് ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ കൈചൂണ്ടി ജംഗ്ഷന് തെക്കുവശം ഗോള്‍ഡന്‍ ചിപ്സ് കടയ്ക്കു മുന്നിലായിരുന്നു അപകടം നടന്നത്. ഇരുചക്ര വാഹനവുമായി മണ്ണഞ്ചേരിയില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് മൂവര്‍ സംഘം അമിത വേഗതയില്‍ തെറ്റായ ദിശയിലൂടെ ബൈക്ക് പായിക്കുകയും തെരുവ് നായയെ ഇടിച്ച് നീയന്ത്രണം തെറ്റി എതിര് ദിശയില്‍ വന്ന മറ്റൊരു ബൈക്കിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഷിജാസിന് ഗുരുതര പരുക്ക് ഏല്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ മൂവര്‍ സംഘത്തിലെ മറ്റു രണ്ടു പേരായ മുഹമ്മദ് സബീല്‍ (17), റിന്‍ഷാദ് റഷീദ് (20) അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു.
റിന്‍ഷാദ് റഷീദാണ് ബൈക്ക് ഓടിച്ചിരുന്നത്. മകന്റെ അപകട വിവരമറിഞ്ഞ് ദുബൈയിലായിരുന്ന ഷിജാസിന്റെ മാതാവ് സുബിന കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സഹോദരിമാർ: ഷഹന, ഐഷ, സന. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബര്‍സ്ഥാനില്‍ ഇന്നലെ വൈകിട്ടോടെ ഖബറടക്കം നടത്തി.