കോട്ടയം: നീണ്ട എട്ടു വര്‍ഷത്തിനുശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭ വിശുദ്ധ മൂറോന്‍ കൂദാശയ്ക്കായി ഒരുങ്ങുന്നു. വലിയ നോമ്പിലെ നാല്‍പ്പതാം വെള്ളിയാഴ്ചയായ 27ന് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പല്‍ ശുശ്രൂഷകള്‍ക്ക് വേദിയാകും.
സഭാചരിത്രത്തിലെ 11-ാം മൂറോന്‍ കൂദാശയ്ക്ക് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. സഭയുടെ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരാകും. ഇവര്‍ക്കൊപ്പം അര്ക്കദിയാക്കോന്, 12 വൈദികര്‍, 12 പൂര്ണശെമ്മാശന്മാര്, 12 ഉപ ശെമ്മാശന്മാര് എന്നിവര്‍ ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിശുദ്ധ കര്‍മങ്ങളുടെ ഭാഗമാകും.
സ്വയം ശീര്‍ഷക സഭകളുടെ തലവന്മാരായ പാത്രിയര്‍ക്കീസും കാതോലിക്കായും മാത്രമാണ് ഓര്‍ത്തഡോക്സ് വിശ്വാസ പാരമ്പര്യപ്രകാരം വിശുദ്ധ മൂറോന്‍ കൂദാശ നടത്തുന്നത്. കാതോലിക്കായായി നിയോഗിതനായശേഷം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവ പ്രധാന കാര്‍മികനാകുന്ന ആദ്യ മൂറോന്‍ കൂദശയാണിത്.
മൂറോന്‍ എന്ന വാക്കിന്റെ അര്‍ഥം ‘സുഗന്ധതൈലം’ എന്നാണ്. മലങ്കരസഭയുടെ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ മാമ്മോദീസ, പള്ളികളുടെ കൂദാശ എന്നിവയ്ക്കായി ഈ വിശുദ്ധതൈലം ഉപയോഗിക്കുന്നു.
മലങ്കരസഭാ ആസ്ഥാനത്ത് ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസ് വിശുദ്ധ മൂറോന്‍ കൂദാശയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. വിശുദ്ധ മൂറോന്‍ കൂദാശയുടെ ക്രമീകരണങ്ങള്‍ക്ക് കൊല്ലം ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷനായ സമിതിയെ കാതോലിക്കാ ബാവ ചുമതലപ്പെടുത്തി.. 2018 മാര്‍ച്ചിലാണ് മലങ്കരസഭയില്‍ ഇതിന് മുന്‍പ് വിശുദ്ധ മൂറോന്‍ കൂദാശ നടന്നത്.
Tags : nattu vishesham Malankara Orthodox Church