കാലം ചെയ്ത ഡോ.ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിൽ മന്ത്രി രമേശ് ചെന്നിത്തല പുഷ്പചക്രം സമർപ്പിക്കുന്നു.
തിരുവല്ല: സഭയ്ക്കും സമൂഹത്തിനും വേണ്ടി ധീരമായി നിലകൊണ്ട വ്യക്തിത്വത്തിന് ഉടമയാണ് കാലം ചെയ്ത ഡോ.ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയെന്ന് മന്ത്രി രമേശ് ചെന്നിത്തല.
പൊതു സമൂഹത്തിനുവേണ്ടി അദ്ദേഹം സ്വീകരിച്ച നിലപാടുകൾ നന്മയുടേതായിരുന്നു. സാധാരണക്കാരായ നിരവധിയാളുകൾ ഇതിന്റെ ഗുണഭോക്താക്കളായി മാറിയെന്നും മന്ത്രി അനുസ്മരിച്ചു.
സംസ്ഥാന സർക്കാരിനുവേണ്ടി ഭൗതികശരീരത്തിൽ രമേശ് ചെന്നിത്തല പുഷ്പചക്രം സമർപ്പിച്ചു. വർഗീസ് മാമ്മൻ എംഎൽഎ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റോജി കാട്ടാശേരി തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതിസന്ധികളിൽ ധീരമായ നിലപാടുകൾ
2001 ഫെബ്രുവരി അഞ്ചിന് തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ.ഡോ.ഏബ്രഹാം കക്കനാട് നിയമിതനായി. മെഡിക്കൽ കോളജിന്റെ ആരംഭകാലമായിരുന്നു ഇത്. കേരളത്തിൽ ആദ്യമായി സ്വാശ്രയ മെഡിക്കൽ കോളജുകൾ ആരംഭിച്ചപ്പോൾ ഉണ്ടായ വെല്ലുവിളികൾ പുഷ്പഗിരിയും നേരിടേണ്ടിവന്നു. സ്വാശ്രയ കോളജുകളുടെയും മറ്റു ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ഭരണഘടനാ അവകാശങ്ങൾക്കായി അദ്ദേഹം നിരന്തരം നിയമപോരാട്ടങ്ങൾ നടത്തി. ഫാ. ഏബ്രഹാം കാക്കനാട് സ്വീകരിച്ച ധീരമായ നിലപാടുകൾ പലപ്പോഴും ഭരണകൂടങ്ങളെ പോലും ഞെട്ടിച്ചു.
നഴ്സിംഗ്, ഫാർമസി, ഡെന്റൽ കോളജുകൾ, എംസി റോഡരികിൽ പെരുന്തുരുത്തിയിലെ മെഡിസിറ്റി, പുഷ്പഗിരി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഫാ. ഏബ്രഹാം കാക്കനാട്ടിന്റെ ശ്രമഫലമായി സ്ഥാപിതമായവയാണ്.
സിറിൽ ബസേലിയോസ് കാതോലിക്കോസ് ആശുപത്രി, പുലിക്കുന്ന്, പെരുന്തുരുത്തി, ചമ്പക്കളം എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഗസ്റ്റ് ഹൗസുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ തുടക്കം കുറിച്ചതും അദ്ദേഹമാണ്. മൂവാറ്റുപുഴ രൂപതാധ്യക്ഷനായി പ്രവർത്തിക്കവേ, വിമലഗിരി ഭദ്രാസനകേന്ദ്രം ആധുനിക രീതിയിൽ നവീകരിച്ചു. മൂവാറ്റുപുഴ സെന്റ് ജോസഫ് കത്തീഡ്രലും രൂപകല്പന ചെയ്ത് അതിമനോഹരമായി പുനർനിർമിച്ചു.
വടകോട് അംഗപരിമിതർക്കായി സെന്റ് ജൂഡ് കേന്ദ്രം സ്ഥാപിച്ചു. തമിഴ്നാട്ടിലെ കോയന്പത്തൂരിൽ ആവെനഗർ, ഉഘടം, കിണ്ണത്തിക്കാവ് എന്നീ മിഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കുന്നംകുളം, പിറവം, നീറാമുകൾ, കുങ്ങാട്, പീച്ചി എന്നിവിടങ്ങളിൽ പുതിയ ദേവാലയങ്ങൾ നിർമിച്ചു.
കർക്കശക്കാരനെങ്കിലും അലിയുന്ന മനസ്
ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത വൈദികനായിരിക്കുന്പോൾ കർക്കശനായിരുന്നുവെങ്കിലും നല്ല മനസിന്റെ ഉടമ കൂടിയായിരുന്നുവെന്ന് തിരുവല്ലാക്കാർ പറയുന്നു.
കലകളെയും സംസ്കാരത്തെയും, സാഹിത്യത്തെയും ഒരുപോലെ സ്നേഹിച്ചിരുന്ന അദ്ദേഹം തിരുവല്ല ഹോർട്ടി കൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റിക്കും പിന്നീട് നാടിനു തന്നെ മാതൃകയായ പുഷ്പഗിരി പാലിയേറ്റീവ് സൊസൈറ്റിക്കും നേതൃത്വം നൽകി. പാലിയേറ്റീവ് സൊസൈറ്റിയുടെസേവനം ഇന്നുംതിരുവല്ലയിൽ നിന്നും നിരവധിയാളുകൾ സ്വീകരിച്ചുവരുന്നു.
മെത്രാപ്പോലീത്തയായി സേവനം ചെയ്യുമ്പോഴും പലപ്പോഴും തിരുവല്ലയിൽ എത്തി വിവിധ പരിപാടികളിൽ പങ്കെടുക്കുകയും എല്ലാവരോടും സ്നേഹപൂർവംപെരുമാറുകയും ചെയ്തിരുന്നു. വിശ്വാസത്തിന്റെ ആഴവും സാമൂഹിക പ്രതിബദ്ധതയും മനുഷ്യസ്നേഹവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം അനേകർക്ക് പ്രചോദനമായിരുന്നു.
ആതുരസേവനത്തെ സമൂഹസേവനത്തിന്റെ മഹത്തായ ദൗത്യമായി കണ്ട അദ്ദേഹം, സഭയുടെ ആത്മീയ വളർച്ചയ്ക്കൊപ്പം സമൂഹത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക പുരോഗതിയെയും ഒരേപോലെ വിലമതിച്ചു.
Tags : District News Nattuvishesham Ramesh Chennithala