ഫാ. ആന്റണി ജോസഫ് പണിക്കരുകുന്ന് എസ്ഡിബിയും കുട്ടികളും സ്റ്റാഫും
കൊല്ലം: ഓണത്തിന് പൂക്കളമൊരുക്കാന് മുണ്ടയ്ക്കല്‍ ഡോണ്‍ ബോസ്കോയില്‍ ജമന്തി പൂക്കള്‍ വിരിഞ്ഞു. 200 ഓളം ജമന്തികളാണ് പൂക്കളുമായി നില്‍ക്കുന്നത്.
ഡോണ്‍ ബോസ്കോ ഡയറക്ടര്‍ ഫാ.ആന്റണി ജോസഫ് പണിക്കരുകുന്ന് എസ്ഡിബിയുടെ നേതൃത്വത്തില്‍ പച്ചക്കറി, വാഴകൃഷികളും ഡോണ്‍ ബോസ്കോ അങ്കണത്തില്‍ നടത്തിവരുന്നു. നൂറിലധികം ഏത്തവാഴ നല്ല രീതിയില്‍ തഴച്ചുവളര്‍ന്നു നില്ക്കുന്നു. അടുത്തമാസത്തോടെ വാഴകള്‍ കുലയ്ക്കും. 30 മൂടില്‍ അധികം രസകദളി വാഴയും വച്ചു പിടിപ്പിച്ചിട്ടുണ്ട്. കുറേ ഭാഗത്ത് തട്ടുകളായി തിരിച്ച് ഇഞ്ചിയും മഞ്ഞളും കൃഷിയിറക്കിയിരിക്കുന്നു. വള്ളിപ്പയര്‍ വളര്‍ന്നു വരുന്നതേയുള്ളൂ. കാച്ചില്, മരച്ചീനി, എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്.
ഡോണ്‍ ബോസ്കോ അങ്കണത്തില്‍ ഒരാള്‍ പൊക്കത്തില്‍ കാട് വളര്‍ന്നു പന്തലിച്ചു കിടക്കുകയായിരുന്നു. കാട് വെട്ടിമാറ്റിയാലും രണ്ടാഴ്ച പിന്നിടുമ്പോള്‍ പഴയ രീതിയില്‍ വളരുമായിരുന്നു. കാട് വളരുന്നതു പ്രതിരോധിക്കാനായാണ് ആദ്യം കൃഷിയിറക്കിയത്. മികച്ച രീതിയില്‍ വിളവ് ലഭിച്ചു.
ഇതേതുടര്‍ന്ന് ജെസിബി ഉപയോഗിച്ച് ഭൂമി കിളച്ച് വാഴയും പച്ചക്കറികളും നട്ടത് വലിയ വിജയമായി മാറി. കൃഷിയും കൃഷിക്കൂലിയും ഒത്തുനോക്കിയാല്‍ ലാഭം കിട്ടുന്നില്ലെന്ന് ഫാ. ആന്റണി ജോസഫ് പണിക്കരുകുന്ന് പറയുന്നു. ഉയര്‍ന്ന ജോലിക്കൂലിയാണ് നേരിടുന്ന വിഷയം.
ഡോണ്‍ ബോസ്കോയുടെ വൈദികന് എന്ന നിലയിലെ ജോലിത്തിരക്കിനിടയില്‍ വാഴയ്ക്ക് യഥാസമയങ്ങളില്‍ വെള്ളം നല്കാന് പോലും കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. വാഴയ്ക്കും പച്ചക്കറികൾക്കും വളമിടാനും പുല്ലുപറിക്കാനുമായി സഹായിയായി ജോലിക്ക് ആളെ വച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ നിന്ന് സെമിനാരിയില്‍ ചേര്‍ന്നയാളാണ് ഫാ. ആന്റണി ജോസഫ് പണിക്കര്‍ കുന്ന്. കോട്ടയത്തു നിന്ന് കണ്ണൂര്‍ ആലക്കോട് വായാട്ടുകവലയിലേക്കു കുടിയേറിയ തലമുറയിലെ പിന്മുറക്കാരന്. മലയോര മേഖലയില്‍ കാര്‍ഷിക കുടുംബത്തില്‍ നിന്നു ലഭിച്ച കാര്‍ഷിക പരിശീലനമാണ് കൃഷിയോടുള്ള അഭിനിവേശം അണയാതെ കാത്തുസൂക്ഷിക്കുന്നത്.
വീട്ടില്‍ ആടിനെ വളര്‍ത്തിയും ചക്കയും കശുമാങ്ങയും പറിച്ചെടുത്തും പറമ്പിലേയും വയലിലേയും പണികള്‍ ചെയ്തും വളര്‍ന്ന ബാല്യത്തിലെ കൃഷികളോടുള്ള പരിചയമാണ് ഡോണ്‍ ബോസ്കോയിലെ കൃഷികള്‍ക്കു നേതൃത്വം നല്‍കാനുള്ള കരുത്തേകുന്നത്.
ഇന്നലെ കൊല്ലം മുനിസിപ്പല്‍ കോര്പറേഷന് കൗണ്‍സില്‍ ഹാളില്‍ നടന്ന കര്‍ഷ ദിനാചരണത്തില്‍ കൊല്ലം മേയര്‍ എ.കെ. ഹഫീസില്‍ നിന്ന് ഫാ. ആന്റണി ജോസഫ് പണിക്കരുകുന്ന് എസ്ഡിബി പ്രത്യേക ആദരവ് ഏറ്റുവാങ്ങി.
ഡോണ്‍ ബോസ്കോയില്‍ കുട്ടികളും യുവതീയുവാക്കളുമായി 55 പേരാണ് വിവിധ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഡിഗ്രിയും കംപ്യൂട്ടര്‍ കോഴ്സും കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ക്ലൗഡ് ഡവലപ്മെന്റ് കോഴ്സ് നടത്തുന്നുണ്ട്.
കോഴ്സ് കഴിഞ്ഞാല്‍ ജോലി വാങ്ങിക്കൊടുക്കുന്ന രീതിയിലാണ് പരിശീലനവും തുടര്‍നടപടികളും സ്വീകരിച്ചിട്ടുള്ളത്
Tags : Marigolds bloom NattuVishasham DistrictNews