ചലച്ചിത്ര നടൻ മധുവിനെ കാണാനെത്തിയ മന്ത്രി പി.സി. വിഷ്ണുനാഥ് അദ്ദേഹത്തെ പൊന്നാടയണിയിക്കുന്നു.
തിരുവനന്തപുരം: "അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദി തിരുവനന്തപുരത്തുനിന്നു മാറ്റുന്നതായി വാർത്ത കേട്ടു. ഒരിക്കലും അങ്ങനെ ഒരു നടപടി എടുക്കരുത്...' മലയാളത്തിന്റെ മഹാനടൻ മധു സ്വന്തം ആശങ്ക പങ്കുവച്ചത് സാംസ്കാരിക- ചലച്ചിത്ര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനോടാണ്. അത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളില്ലെന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തലസ്ഥാന നഗരത്തിൽ ഒരു സ്ഥിരം വേദി ഒരുക്കുവാനുള്ള തീരുമാനത്തിൽ ആണെന്നും മന്ത്രി ഉറച്ച മറുപടി നൽകി.
ഇന്നലെ വൈകുന്നേരം അഞ്ചിനാണു മലയാളത്തിന്റെ അതുല്യ നടനും സംവിധായകനുമായ മധുവിനെ കാണാൻ മധുവിന്റെ കണ്ണമൂലയിലുള്ള ശിവഭവനിൽ മന്ത്രി പി.സി. വിഷ്ണുനാഥ് എത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് പാലോട് രവി മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
ടാഗോർ തീയറ്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഐഎഫ്എഫ് കെയ്ക്കു സ്ഥിരം വേദി തീർക്കുവാനാണ് തീരുമാനമെന്നു മന്ത്രി അറിയിച്ചു. ടാഗോർ തിയേറ്റർ നിൽക്കുന്ന സ്ഥലം ഇൻഫർ മേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിലാണ്, അതിനാൽ പ്രസ്തുത വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തന കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ചിത്രാഞ്ജലി സ്റ്റുഡിയോ തിരുവനന്തപുരത്താ യതിനാൽ ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തനങ്ങൾ തലസ്ഥാനത്ത് നടത്തുന്നതു ചിത്രാഞ്ജലിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവേകുമെന്നു മധു, പി.സി. വിഷ്ണുനാഥിനെ ഓർമിപ്പിച്ചു.
മധു അഭിനയിച്ച സിനിമകളെക്കുറിച്ചും വ്യത്യസ്ത കഥാപാത്രങ്ങളെക്കുറിച്ചും സംസാരിച്ച മന്ത്രി മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചിത്രാഞ്ജലിയുടെ നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുമെന്നു പി.സി. വിഷ്ണുനാഥ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags : Local News Nattuvishesham Thiruvananthapuram