ഇരിട്ടി: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ഇരിട്ടിയിലെത്തിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് യുഡിഎഫ് പ്രവർത്തകരുടെ ആവേശജ്ജ്വലമായ സ്വീകരണം.
കെപിസിസി പ്രസിന്റുകൂടിയായ സണ്ണി ജോസഫിന്റെ തിരക്കുകാരണം തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സ്വീകരണം നൽകാൻ പ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല. കാൽ നൂറ്റാണ്ടിന് ശേഷം പേരാവൂർ മണ്ഡലത്തിന് ലഭിച്ച മന്ത്രി പദവിയെ ആഘോഷമാക്കിയാണ് പ്രവർത്തകർ സണ്ണി ജോസഫിന് സ്വീകരണം ഒരുക്കിയത്.
കണ്ണൂർ ഡിസിസിയിലെ സ്വീകരണത്തിന് ശേഷമാണ് ഇന്നലെ മന്ത്രി തന്റെ മണ്ഡലത്തിലെത്തിയത്. വാദ്യമേളങ്ങളോടെ സ്വീകരിച്ച ശേഷം മന്ത്രിയെ തുറന്ന വാഹനത്തിൽ നൂറ് കണക്കിന് പ്രവർത്തകരുടെ പ്രകടനത്തോടെ ഇരിട്ടി നഗരത്തിലേക്ക് നയിച്ചു. യുഡിഎഫ് നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, പി.കെ. ജനാർദനൻ, ഇബ്രാഹിം മുണ്ടേരി, ലിസി തോമസ് എന്നിവരും എംഎൽഎക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. നൂറുകണക്കിന് പ്രവർത്തകർ മന്ത്രിയെ ഷാൾ അണിച്ചു.
പേരാവൂരിലെ ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് തന്റെ രാഷ്ട്രീയ വളർച്ചയുടെ പിന്നിലെന്നും ബാരപ്പോൾ പദ്ധതിയുൾപ്പടെയുള്ള വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തര ശ്രദ്ധയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കൊട്ടിയൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് 26ന് ആരോഗ്യ - ദേവസ്വം മന്ത്രി കെ. മുരളീധരൻ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags : nattu vishesham Minister Sunny hometown