പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയില്‍ ആധുനിക അറവുശാല എന്ന ആവശ്യം ശക്തമാകുന്നു. ഇത് വെറുമൊരു മാംസാഹാര വിഷയമല്ല. മറിച്ച് പൊതുജനാരോഗ്യത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഗൗരവമുള്ള വിഷയമാണ്.
ചങ്ങനാശേരിയില്‍ ആളുകള്‍ ഉപയോഗിക്കുന്ന മാംസത്തിന്റെ അളവ് എത്ര, അത് എവിടെയാണ് കശാപ്പു ചെയ്യുന്നത്, അറക്കുന്നതിന് മുന്‍പ് മൃഗങ്ങളെ വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കുന്നുണ്ടോ, അറത്തശേഷം മാംസം ഉപഭോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തുന്നുണ്ടോ, മാലിന്യങ്ങളും രക്തവും എങ്ങനെയാണ് സംസ്കരിക്കുന്നത്: ഇതിനൊന്നും അധികാരികള്‍ക്ക് വ്യക്തമായ മറുപടിയില്ല.
ഫാത്തിമാപുരത്ത് അപരിഷ്കൃതവും മാലിന്യപൂരിതവുമായി പ്രവര്‍ത്തിച്ചിരുന്ന അറവുശാല കാല്‍നൂറ്റാണ്ടു മുമ്പ് ജനകീയ പ്രക്ഷോഭത്തെയും കോടതി ഇടപെടലിനെയും തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.
ഇതേത്തുടർന്ന് ചങ്ങനാശേരി നഗരസഭ രണ്ട് കോടിയോളം രൂപ മുടക്കി സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിന്റെ മേല്‍നോട്ടത്തില്‍ ആധുനിക അറവുശാല സ്ഥാപിക്കാന്‍ നടപടികളാരംഭിച്ചെങ്കിലും സ്ഥലം ലഭ്യമാകാതിരുന്നതുമൂലം മാറിമാറിവന്ന നഗരസഭാ ഭരണസമിതികള്‍ക്ക് അറവുശാല എന്ന പദ്ധതി നടപ്പാക്കാനായില്ല.
കശാപ്പ് നടത്തുന്നത് വൃത്തിഹീന സാഹചര്യത്തില്‍; വില നിശ്ചയിക്കുന്നത് കച്ചവടക്കാരന്
ചങ്ങനാശേരി താലൂക്ക് പരിധിയില്‍ അറവുശാലയില്ലാത്തതിനാല്‍ ഇറച്ചി സ്റ്റാളുകളോടു ചേര്‍ന്നും മറ്റു സ്ഥലങ്ങളിലും വൃത്തിഹീനമായ സാഹചര്യത്തില്‍ മാടുകളെ കശാപ്പുചെയ്താണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഇറച്ചി സ്റ്റാളുകളില്‍ വില്പന നടത്തുന്നത്.
അറവുമാടുകളുടെ ലഭ്യതക്കുറവ് പറഞ്ഞ് ഇറച്ചിക്കടക്കാര്‍ ഇഷ്ടാനുസരണം വില വര്‍ധിപ്പിക്കുകയാണ്. ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും ഒരുകിലോ ഇറച്ചിവില 500 രൂപയാണ്. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ജില്ലാ പഞ്ചായത്ത് ഇറച്ചിവില ഏകീകരിക്കാന്‍ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല.
കേരള മൃഗസംരക്ഷണ വകുപ്പിന്റെ 2018-19 കണക്കുകള്‍ പ്രകാരം കോട്ടയം ജില്ലയില്‍ മാത്രം പ്രതിവര്‍ഷം ഏകദേശം 4,659 ടണ്‍ എരുമ മാംസം, 1,173 ടണ്‍ പന്നിയിറച്ചി, 13,847 ടണ്‍ കോഴിയിറച്ചി എന്നിവ ഉപയോഗിച്ചതായി കണക്കാക്കുന്നു. 2011-ലെ ജനസംഖ്യാ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ ചങ്ങനാശേരി താലൂക്കിന്റെ ജനസംഖ്യ കോട്ടയം ജില്ലയുടെ ഏകദേശം 11.5 ശതമാനമാണ്.
ഈ അനുപാതത്തില്‍ കണക്കാക്കിയാല്‍ ചങ്ങനാശേരി മേഖലയിലെ എരുമ, പന്നി, കോഴി മാംസത്തിന്റെ വാര്‍ഷിക ഉപഭോഗം 2,200 ടണ്ണിലധികം വരാന്‍ സാധ്യതയുണ്ട്. അതായത് പ്രതിദിനം ശരാശരി ആറ് ടണ്ണിലധികം. ജില്ലാതല കണക്കുകളില്‍ നിന്നുള്ള ഒരു ഏകദേശ വിലയിരുത്തല്‍ മാത്രമാണിത്.
ആധുനിക അറവുശാലയുടെ മാനദണ്ഡം
ഒരു ആധുനിക അറവുശാല സാധാരണ അറവുകേന്ദ്രത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. മൃഗത്തെ അറക്കുന്നതിന് മുന്‍പ് ആന്റിമോര്‍ട്ടം പരിശോധന നടത്തുന്നു. രോഗലക്ഷണങ്ങളുള്ളതോ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതോ ആയ മൃഗങ്ങളെ ഇതിലൂടെ കണ്ടെത്താം.
അറത്തശേഷം പോസ്റ്റ്മോര്‍ട്ടം മീറ്റ് ഇന്സ്പെക്ഷനും നടത്തുന്നു. മാംസവും ആന്തരിക അവയവങ്ങളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുക, രോഗബാധിതമായ മാംസം ഭക്ഷ്യശൃംഖലയില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
ഇതിനുപുറമേ, ശുചിത്വമുള്ള അറവുരീതികള്‍, ശീതീകരണ സംവിധാനങ്ങള്‍, രക്തത്തിന്റെയും മറ്റ് അറവ് മാലിന്യങ്ങളുടെയും ശാസ്ത്രീയ സംസ്കരണം, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും അറവുശാലയിലുണ്ടാകും. ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, മൃഗക്ഷേമം എന്നിവ ഒരുപോലെ പരിഗണിക്കുന്ന സംവിധാനമാണിത്. ഈ പരിശോധനകള്‍ നടത്തേണ്ടത് സര്‍ക്കാര്‍ നിയയോഗിച്ച ഒരു വെറ്ററിനറി ഡോക്ടറായിരിക്കണം.
ആധുനിക അറവുശാലയില്ലാത്തതിനാല്‍ ചങ്ങനാശേരി നഗരസഭയിലും സമീപത്തെ മറ്റ് പഞ്ചായത്തുകളിലും ഈ നിബന്ധനകളൊന്നും പാലിക്കപ്പെടുന്നില്ല.
കശാപ്പ് ചെയ്യുന്ന ഉരുക്കളെയും മാംസത്തിന്റെ ഗുണനിലവാരവും പരിശോധിക്കണം
കേരളത്തിലെ അറവുശാല നിയമങ്ങളും ചട്ടങ്ങളും മൃഗങ്ങളുടെയും മാംസത്തിന്റെയും വെറ്ററിനറി പരിശോധന നിര്‍ബന്ധമാക്കുന്നുണ്ട്. കശാപ്പിനു മുമ്പും ശേഷവുമുള്ള പരിശോധനകളില്‍ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന മാംസം പിടിച്ചെടുക്കാനും നശിപ്പിക്കാനും നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകളുണ്ട്.
ചങ്ങനാശേരി നഗരത്തിലും പരിസര പഞ്ചായത്തുകളിലും കശാപ്പു ചെയ്യുന്ന കന്നുകാലികളുടെ പരിശോധനയും ശുചിത്വപാലനവും മാലിന്യസംസ്കരണവും മാംസത്തിന്റെ ഗുണനിലവാരം ഉറപ്പുവരു ത്തലും എത്രത്തോളം കാര്യക്ഷമമാണെന്ന് പരിശോധിക്കപ്പെടണം. 2014-ല്‍ കേരളത്തിലെ ചില ഒന്നാം ക്ലാസ് നഗരസഭകളില്‍ നിലവിലുള്ള അറവുശാലകള്‍ ആധുനികവത്കരിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനുമായി തയാറാക്കിയ പദ്ധതിയില്‍ ചങ്ങനാശേരിയും ഉള്‍പ്പെട്ടിരുന്നെങ്കിലും പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല.
അജയ്കുമാർ ഗംഗോത്രി മുൻ പ്രവാസി, ചങ്ങനാശേരി
ആധുനിക അറവുശാലയ്ക്കുള്ള അനുയോജ്യ സ്ഥലം കണ്ടെത്തും
ആധുനിക അറവുശാല ചങ്ങനാശേരിക്ക് അത്യാവശ്യമാണ്. ശുചിയായ തും ഗുണനിലവാരവുമുള്ളതുമായ മാംസം ലഭ്യമാകുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്.അറവുശാലയ്ക്കായി ആള്‍പാര്‍പ്പ് കുറഞ്ഞതും അനുയോജ്യവുമായ സ്ഥലം കണ്ടെത്താന്‍ നഗരസഭാ ഭരണസമിതി ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിന് ജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്.
കുഞ്ഞുമോന് പുളിമൂട്ടില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, ചങ്ങനാശേരി നഗരസഭ
Tags : Nattuvishesham DistrictNews DeepikaNews Slaughterhouse