വടക്കഞ്ചേരി: മഴപെയ്താൽ വെള്ളംപൊങ്ങി ദുരിതക്കയമാകുന്ന മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിലെ മുടപ്പല്ലൂർ ജംഗ്ഷനിൽ ചാലുകളിൽ നിന്നുയരുന്നത് ദുർഗന്ധവും കൊതുകു പടയും.
ഷിഗെല്ല പോലെ മലിനജലത്തിൽനിന്നുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വം നടത്തുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി.
രണ്ടാഴ്ച മുമ്പാണ് മുടപ്പല്ലൂരിലെ കാനകൾ വൃത്തിയാക്കൽചടങ്ങ് നടത്തിയത്. എന്നാൽ മഴപെയ്താൽ വെള്ളം താഴേക്കൊഴുകി പോകാൻ വഴി തുറക്കാത്തതിനാൽ വെള്ളം ചാലിൽതന്നെ കെട്ടിനിൽക്കുന്ന സ്ഥിതി തുടരുകയാണ്. മഴ വിട്ടുനിൽക്കുന്നതിനാൽ വെള്ളം കെട്ടിനിന്ന് ഇതിൽ കൊതുകും കൂത്താടിയും നിറയുകയാണിപ്പോൾ.
വൈകുന്നേരമായാൽ കൊതുകുപട നിറഞ്ഞ് ടൗണിൽ നിൽക്കാനാകില്ലെന്നു യാത്രക്കാരും കച്ചവടക്കാരും പറയുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ താഴെ പുഴയിലേക്കു വഴിതുറന്നാൽ ടൗണിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാകും.
എന്നാൽ അഴുക്കുചാൽ നവീകരണത്തിന്റെ പേരിൽ രണ്ടുതവണയായി ലക്ഷങ്ങളേറെ ചെലവഴിച്ചതല്ലാതെ വെള്ളക്കെട്ടിന് ഇപ്പോഴും പരിഹാരം കാണുന്നില്ല.
പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തുവരുമെന്നു കോൺഗ്രസ് നേതാവ് ഗഫൂർ മുടപ്പല്ലൂർ പറഞ്ഞു.
Tags : Mosquitoes Nattuvishesham District News