ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് പടിയിറങ്ങുന്നു. കേരള റെയിൽവേ പോലീസ് മേധാവിയായാണ് അദ്ദേഹത്തിനു നിയമനം ലഭിച്ചിരിക്കുന്നത്. 2025 ജനുവരി രണ്ടിന് റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ കൃഷ്ണകുമാറിനു കീഴിൽ ഒന്നരവർഷത്തിനിടെ നിരവധി സങ്കീർണമായ കേസുകൾ തെളിയിക്കുകയും ക്രമസമാധാനനില ശക്തിപ്പെടുത്തുകയും ചെയ്തു. ലഹരിക്കടത്തിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ശക്തമായ നടപടികളും അദ്ദേഹത്തിന്റെ കാലയളവിലെ പ്രധാനനേട്ടങ്ങളാണ്.
31 വർഷത്തെ പോലീസ് സേവനത്തിനിടെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ കൃഷ്ണകുമാറിനെ തേടിയെത്തിയിട്ടുണ്ട്. മികച്ച സേവനത്തിന്റെ സംതൃപ്തിയോടെയാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കുന്നത്. കൊട്ടാരക്കര സ്വദേശിയായ കൃഷ്ണകുമാറിന്റെ ഭാര്യ ഇന്ദു ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. ഡോ. ഭരത് കൃഷ്ണൻ, ശരത് കൃഷ്ണൻ (പോണ്ടിച്ചേരി ജിപ്മെറിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥി) എന്നിവർ മക്കളാണ്.
Tags : Rural SP Nattuvishesham District News