കാഞ്ഞങ്ങാട്: ഭാരത് സെന്‍സസ് 2027 സ്വയം വിവരങ്ങള്‍ നല്കി ഞാന്‍ പങ്കാളിയായി, രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള ദേശീയ കണക്കെടുപ്പില്‍ എല്ലാവരും പങ്കാളികളാവുക വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന് പറഞ്ഞു. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീട്ടിലിരുന്ന് മൊബൈല്‍ ഫോണില്‍ സെന്‍സസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്കി കാനായി കുഞ്ഞിരാമന് ഡിജിറ്റല്‍ സെന്‍സസിന് തുടക്കം കുറിച്ചു. വീട്, കുടിവെള്ളം, ശുചിത്വം, ആസ്തി തുടങ്ങിയ 34 ചോദ്യങ്ങള്‍ക്ക് ഡിജിറ്റലായി ഉത്തരം നല്കുന്ന സെന്‍സസ് സെല്‍ഫ് എന്യുമറേഷന് നടത്തിയാണ് വിവരങ്ങള്‍ രേഖപ്പടുത്തിയത് കാനായിയുടെ ഭാര്യ നളിനി കൂടെയുണ്ടായിരുന്നു സെന്‍സസ് ഓപറേഷന് ഡയറക്ടറേറ്റില്‍ നിന്നുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജ്കുമാര് സ്വയം വിവരം രേഖപ്പെടുത്തുന്നതിന് സാങ്കേതിക പിന്തുണ നല്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ഹൊസ്ദുര്‍ഗ് താലൂക്ക് ജൂണിയര്‍ സൂപ്രണ്ട് പി.വി. തുളസിരാജ്, കളക്ടറേറ്റ് സെന്‍സസ് വിഭാഗത്തിലെ പി. രാഗേഷ് എന്നിവരും രാജേഷ് അതിയാമ്പൂരും വീട്ടിലെത്തിയിരുന്നു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാന്‍ സാധിക്കുന്ന സെല്‍ഫ് എന്യൂമറേഷന് പോര്‍ട്ടല്‍ ഈ സെന്‍സസിന്റെ ഒരു പ്രധാന സവിശേഷതയാണ്. പൊതുജനങ്ങള്‍ക്ക് സെന്‍സസ് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ തങ്ങളുടെ വിവരങ്ങള്‍ സ്വന്തമായി (ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി) രേഖപ്പെടുത്താനുള്ള സൗകര്യമാണിത്. ഇന്നലെ മുതല്‍ ആരംഭിച്ച പ്രക്രിയ 30 വരെ നടക്കും. സെല്‍ഫ് എന്യൂമറേഷന് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്: https://se. census.gov.in/. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 1855 എന്ന ടോള്‍-ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സെന്‍സസ് നടപടികള്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. സെല്‍ഫ് എന്യൂമറേഷന് പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമാണിത്. രണ്ടാം ഘട്ടത്തില്‍ ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30 വരെ. വീടുകളുടെ വിവരശേഖരണവും പട്ടിക തയാറാക്കലുമാണ് നടക്കുന്നത്. 2027 ഫെബ്രുവരിയിലാണ് ജനസംഖ്യ കണക്കെടുപ്പ്.