കേസിലെ പ്രതികളായ ലളിത, അജേഷ്, അഭിലാഷ്.
കാട്ടാക്കട: പോക്സോ കേസിൽ അമ്മയ് ക്കും രണ്ടു മക്കൾക്കും കഠിനതടവും പിഴയും വിധിച്ച് കോടതി. പ്രായപൂർത്തിയാക്കാത്ത പെൺകുട്ടി പീഡിപ്പിച്ച കേസിലെ പ്രതിക്കും അതിന് ഒത്താശ ചെയ്തുകൊടുത്ത വയോധിക ഉൾപ്പെടെയുള്ള രണ്ടു പേർക്കുമാണ് 25 വർഷവും മൂന്നുമാസവും കഠിനതടവും 35,000 പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി വിളയിൽ നെടുമുഴി കുറ്റിയത്തുകുഴി അഭിലാഷ് ഭവനിൽ വിക്കി എന്ന അജേഷ് (25), രണ്ടാം പ്രതിയും വിക്കിയുടെ സഹോദരനുമായ അഭിലാഷ് (38) മൂന്നാം പ്രതിയും ഇവരുടെ മാതാവുമായ ലളിത (62) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാലുമാസം അധിക തടവുകൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കും കോടതി നിർദേശം നൽകി.
2021 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകൾ, നാലു തൊണ്ടിമുതലുകൾ എന്നിവ ഹാജരാക്കി. സർക്കിൾ ഇൻസ്പെക്ടർമാരായിരുന്നു ജോസ്, സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.