മഞ്ചേരി: നാളേറെയായിട്ടും മഞ്ചേരിയിലെ രാത്രിയാത്രാ ദുരിതത്തിന് പരിഹാരമില്ല. രാത്രി ഒന്പത് കഴിഞ്ഞാൽ മഞ്ചേരിയിലേക്ക് വരാനോ മഞ്ചേരിയിൽനിന്ന് തിരിച്ചുപോകാനോ കഴിയാത്ത അവസ്ഥയിൽ റോഡിൽ കുടുങ്ങുകയാണ് യാത്രക്കാർ.
സ്വകാര്യ ബസുകൾ സർവീസ് നിർത്തിയാൽ അരീക്കോട്, കൊണ്ടോട്ടി, തിരൂർ, പെരിന്തൽമണ്ണ, കിഴിശേരി, പാണ്ടിക്കാട് ഭാഗത്തേക്ക് പോകേണ്ടവർ വലിയ ചാർജ് നൽകി ഓട്ടോറിക്ഷ വിളിക്കേണ്ട സ്ഥിതിയാണ്.ചില ദിവസങ്ങളിൽ സ്വകാര്യബസുകൾ ട്രിപ്പ് മുടക്കുന്നതും യാത്രക്കാരെ വലക്കുകയാണ്.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന നൂറുക്കണക്കിന് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും രാത്രിയിൽ മഞ്ചേരിയിൽ കുടുങ്ങുന്നതും പതിവാണ്. ആശുപത്രിയിൽനിന്ന് മറ്റ് വിദഗ്ധ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾ പോലും വാഹനം കിട്ടാതെ പ്രയാസത്തിലാകുന്നു.
അങ്ങാടിപ്പുറം, തിരൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിലേക്കും കരിപ്പൂർ വിമാനത്താവളത്തിലേക്കും പോകേണ്ട സാധാരണക്കാർ അമിതചാർജ് നൽകി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരികയാണ്.
രാത്രിയിലെ യാത്രാപ്രശ്നം പരിഹരിക്കാനായി നഗരസഭ സ്വന്തം നിലയ്ക്ക് സിറ്റി സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി കെഎസ്ആർടിസി ഡിപ്പോ സ്ഥാപിക്കണമെന്നാണ് മറ്റൊരു ആവശ്യം. സ്ഥലം അനുവദിച്ചാൽ ഡിപ്പോ നൽകാമെന്ന് സർക്കാർ വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ ആവശ്യമായ സ്ഥലം വിട്ടുനൽകാൻ നഗരസഭ തയാറായില്ല.