പാലക്കുഴി വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപെടുത്തുന്നു
പാലക്കാട്: കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട രണ്ടുപേരിൽ ഒരാളെ രക്ഷപെടുത്തി. മറ്റൊരാൾക്കായി തിരച്ചിൽ ഊർജിതമാക്കി. തമിഴ്നാട്ടിൽ നിന്നെത്തിയ അഞ്ചംഗ വിനോദസഞ്ചാര സംഘത്തിൽ ഉൾപ്പെട്ട യുവാവും യുവതിയുമാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടത്. ഇതിൽ യുവാവിനെയാണ് നാട്ടുകാരുടെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ യാത്രാ നിരോധനം അറിയാതെ എത്തിയ സംഘമാണ് അപകടത്തിൽപെട്ടത്.
യുവാവും യുവതിയും ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. പാറക്കെട്ടുകൾക്കിടയിലേക്ക് വീണുകിടന്ന യുവാവിനെ സ്ഥലത്തെത്തിയ നാട്ടുകാർ വടം ഉപയോഗിച്ച് താഴെയിറങ്ങിയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
അതേസമയം, വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ യുവതിക്കായി ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Tags : Waterfall Man Women Accident Rescue