മന്ത്രിയെ വേദിയിലിരുത്തി മാർത്തോമ്മാ മെത്രാപ്പോലീത്ത മദ്യനയത്തെ വിമർശിച്ചു
തിരുവല്ല: സർക്കാരിന്റെ മദ്യനയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി രൂക്ഷ വിമർശനവുമായി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. തിരുവല്ലയിൽ എംഎല്‍എ മെറിറ്റ് അവാര്‍ഡുദാന സമ്മേളനത്തിൽ പ്രസംഗിക്കുന്പോഴാണ് മെത്രാപ്പോലീത്ത മദ്യ നയത്തെ വിമർശിച്ചത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. യുഡിഎഫ് കൂടി അക്കാര്യത്തിൽ തീരുമാനമെടുക്കും. മാർത്തോമ്മാ സഭാധ്യക്ഷൻ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. അത് അടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കേരളത്തിൽ സജീവമാണെന്ന് മന്ത്രി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചശേഷം 5600 ൽ അധികം ആളുകളെ ഇതേവരെ അറസ്റ്റ് ചെയ്തു. 70 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ലോബി വളരെ ശക്തമാണ് . വർഷങ്ങളായി മയക്കുമരുന്ന് മാഫിയ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ലഹരി നിർമാർജനം ചെയ്യാൻ വളരെയധികം സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ലഹരിവേട്ടയിൽ കേരളത്തിലെ പോലീസ് സേനയെ അഭിനന്ദിക്കുന്നു. കോൺസ്റ്റബിൾ മുതൽ ഡിജിപി വരെ ഇക്കാര്യത്തിൽ ആത്മാർഥത കാണിക്കുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും മന്ത്രി പറഞ്ഞു.
Tags : Minister Ramesh Chennithala Local News Nattuvishesham Pathanamthitta