പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ എക്സ്റേ യൂണിറ്റിൽ എക്സ്റേ ഫിലിമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. വാർഡുകളിൽ കിടക്കുന്ന രോഗികളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഫിലിം ഇല്ലാത്തതിനെത്തുടർന്ന് രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ ഫോണിൽ എക്സ്റേ ഫലം ഡിജിറ്റലായി കൊടുത്തുവിടുകയാണ്. എന്നാൽ, ഫോണില്ലാത്ത രോഗികളാണെങ്കിൽ വലിയ പ്രതിസന്ധിയാകും. ഫോണില്ലാത്ത രോഗികളുടെ ഫലം തങ്ങളുടെ ഫോണിൽ കോപ്പിചെയ്തു വാർഡിൽ കൊണ്ടുവന്ന് ഡോക്ടറെ കാണിക്കേണ്ട ഗതികേടിലാണ് എക്സ്റേ യൂണിറ്റിലെ ജീവനക്കാർ.
ഓർത്തോ, സർജറി, മെഡിസിൻ തുടങ്ങിയ ഒപികളിൽ വരുന്ന രോഗികൾക്ക് എക്സ്റേ വേണ്ടി വരുമ്പോൾ യൂണിറ്റിൽനിന്നു ഡിജിറ്റൽ എക്സ്റേ റിസൾട്ട് ഈ ഒപികളിലെ കംപ്യൂട്ടറിലേക്ക് അയച്ചു കൊടുക്കും. എന്നാൽ, കംപ്യൂട്ടർ സംവിധാനമില്ലാത്തതിനാൽ യൂറോളജി, ഇഎൻടി തുടങ്ങിയ ഒപികളിലെ രോഗികളും ഫോണിൽ റിസൾട്ട് എടുത്തുകൊണ്ട് പോകുകയാണ്.
അതേസമയം, എക്സ്റേ ഫിലിം എത്തിക്കുന്ന ഏജൻസിക്ക് പണംകൊടുക്കാനില്ലെന്നും എജൻസിയുടെ കൈവശം ഫിലിം സ്റ്റോക്കില്ലാത്തതാണ് ഇപ്പോഴത്തെ അപര്യാപ്തതയ്ക്കു കാരണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു.