ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഓണപ്പൂക്കളം
കൊല്ലം: ചിങ്ങമാസം പിറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ഓണാഘോഷം വര്‍ണാഭമായി. പൂക്കളമൊരുക്കിയും തനിമയാര്‍ന്ന തിരുവാതിര കളിയോടെയും വിഭവ സമൃദ്ധമായ സദ്യ വിളമ്പിയുമാണ് ഫിസിയോളജി, ബയോ കെമിസ്ട്രി, അനാട്ടമി ഡിപ്പാര്‍ട്ടുമെന്റുകള്‍ ചേര്‍ന്ന് ഓണാഘോഷമൊരുക്കിയത്.
സെറ്റുസാരിയുടുത്ത് സ്ത്രീകളും മുണ്ടും ജുബ്ബയുമണിഞ്ഞ് പുരുഷന്മാരുമൊക്കെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. പരീക്ഷകളും അവധിക്കാല തിരക്കുകളും മുന്നില്‍ക്കണ്ടാണ് പല സ്ഥാപനങ്ങളിലും മുന്‍കൂട്ടി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വരും ദിനങ്ങളില്‍ ജില്ലയിലെ വിവിധ കലാലയങ്ങളിലും ഓഫീസുകളിലും വിപുലമായ ഓണാഘോഷങ്ങള്‍ പൊടിപൊടിക്കും. പലയിടത്തും തിരുവാതിരയും വടംവലിയും കബഡികളിയുമൊക്കെ ടീമുകളായി പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്.
ഓണത്തിരക്കിലേക്ക്
കര്‍ക്കിടകത്തിന്റെ കാറും കോളും മാഞ്ഞില്ലെങ്കിലും നാടെങ്ങും ഓണത്തിരക്കിലേക്ക് നീങ്ങുകയാണ്. ജില്ലയിലെമ്പാടും ഓണ വിപണികളും സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. സാംസ്കാരിക മന്ത്രി കാലേക്കൂട്ടി രാത്രികാല ഉച്ചഭാഷിണികളുടെ നിയന്ത്രണത്തില്‍ അയവുവരുത്തിയിട്ടുണ്ട്. കലാപരിപാടികള്‍ക്കാണ് ഇത് ഗുണം ചെയ്യുക.
ഓണച്ചന്തകള്‍
സപ്ളൈകോ, കണ്‍സ്യൂമര്‍ ഫെഡ്, സഹകരണ ബാങ്കുകളുടെ നീതി സ്റ്റോറുകള്‍ എന്നിവിടങ്ങളിലെല്ലാം ഓണം വിപണികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്വകാര്യ വിപണികള്‍ നേരത്തേ ഉണര്‍ന്നുകഴിഞ്ഞു.
പൂ വിപണി
മറുനാടന്‍ പൂക്കളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ പൂക്കളങ്ങള്ക്കായുള്ള താത്കാലിക കടകളും തയ്യാറായി. അത്തം മുതലാണ് പൂക്കളങ്ങള്‍ വീടുകളില്‍ ഒരുക്കുന്നത്. എന്നാല്‍ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഓണാഘോഷം തുടങ്ങുന്നതിനാല്‍ നേരത്തേ പൂക്കള്‍ക്ക് ഡിമാന്‍ഡാകും. വിലയും കൂടും.
ഓണപ്പരിപാടികള്‍
ക്ളബുകളും മറ്റ് സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളുമൊക്കെ ഓണാഘോഷ പരിപാടികള്‍ തയ്യാറാക്കിക്കഴിഞ്ഞു. നോട്ടീസും പോസ്റ്ററുമൊക്കെ പലയിടത്തും ഇറങ്ങി. ചെറുതും വലുതുമായ ഓണാഘോഷ പരിപാടികള്‍ എല്ലാ ഗ്രാമപ്രദേശങ്ങളിലും നടത്തുന്ന പതിവ് ഇക്കുറിയും തെറ്റില്ല.
ഓണപ്പാട്ടുകള്‍
ഓണപ്പാട്ടുകള്‍ പലതും റെക്കാര്‍ഡിംഗ് പൂര്‍ത്തിയാക്കി, വീഡിയോ ചിത്രീകരണമുള്‍പ്പടെ അണിയറ ഒരുക്കങ്ങള്‍ കഴിഞ്ഞ് ചിങ്ങം പിറക്കാന്‍ കാത്തിരിപ്പാണ്.
Tags : Nattuvisesham DistrictNews DeepikaNews Onam