പ്രതീകാത്മക ചിത്രം
ആലപ്പുഴ: മഴക്കാലത്ത് ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ പകരുന്ന രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ഓപ്പറേഷന് മണ്‍സൂണ്‍ പരിശോധന വ്യാപകമായി തുടരുന്നു. ജൂണ്‍ 15ന് ആരംഭിച്ച പ്രത്യേക പരിശോധന നാലാഴ്ച പിന്നിട്ടപ്പോള്‍ ജില്ലയില്‍ നാല് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 472 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
പരിശോധന ഇവിടങ്ങളിൽ
ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന സ്കൂളുകള്‍, അങ്കണവാടികള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, അനാഥാലയങ്ങള്‍, മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ആര്‍ഒ പ്ലാന്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഭക്ഷണം തയാറാക്കുന്ന സാഹചര്യങ്ങള്‍, കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷ്യവസ്തുക്കളുടെ സംഭരണം, ശുചിത്വം, ജീവനക്കാരുടെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ വിശദമായി വിലയിരുത്തി.
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ആര്.ഒ. പ്ലാന്റുകള്‍, സാധുവായ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ ഹെല്‍ത്ത് കാര്‍ഡോ ഇല്ലാത്ത ജീവനക്കാരെ ഉപയോഗിച്ച സ്ഥാപനങ്ങള്‍, ആറുമാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും നടത്തേണ്ട ജലപരിശോധനയുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേ നടപടിയെടുത്തു. പരിശോധനയില്‍ അപാകത കണ്ടെത്തിയ 112 സ്ഥാപനങ്ങള്‍ക്ക് വീഴ്ചകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്കി. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 50 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്കി. കൂടാതെ 15 സ്ഥാപനങ്ങള്‍ക്കെതിരേ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശിപാര്‍ശയും നല്‍കിയിട്ടുണ്ട്.
കൈവശം സൂക്ഷിക്കേണ്ട രേഖകൾ
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ക്കും എഫ്എസ്എസ്എഐ രജിസ്ട്രേഷനോ ലൈസന്‍സോ നിര്‍ബന്ധമാണ്. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി രൂപവരെയുള്ള സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേനും അതിനുമുകളിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ആവശ്യമാണ്.
ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കുകയും സാധുവായ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും വേണം. രാത്രികാല പരിശോധനകളും ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് കർശന പരിശോധന
വരും ദിവസങ്ങളില്‍ ഓണത്തോടനുബന്ധിച്ച് മധുരപലഹാര നിര്‍മാണ കേന്ദ്രങ്ങള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, താത്കാലിക ഭക്ഷ്യസ്റ്റാളുകള്‍, വിപണികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും ആരംഭിക്കും. സുരക്ഷിതമല്ലാത്ത ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കുറ്റത്തിന്റെ സ്വഭാവവും സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റുവരവും പരിഗണിച്ച് ഒരു ലക്ഷം രൂപവരെ പിഴ ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഗുരുതരമായ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്ന നടപടികളും സ്വീകരിക്കുമെന്ന് ഭക്ഷ്യസുക്ഷാ വകുപ്പ് അറിയിച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ലഭ്യമാക്കാന്‍ വ്യാപാരികളും പൊതുജനങ്ങളും ഒരുപോലെ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.