മഞ്ചേരി: പണമുണ്ടാക്കാനുള്ള ഭാഗ്യപരീക്ഷണം ജനങ്ങളില്‍ ലഹരിയായി മാറുമ്പോള്‍ തടിച്ചുകൊഴുക്കുന്നത് സമാന്തര എഴുത്ത് ലോട്ടറി മാഫിയ. പ്രതിദിനം ലക്ഷകണക്കിന് രൂപയാണ് സമാന്തര ലോട്ടറിയിലൂടെ ജില്ലയില്‍ എഴുത്ത്് ലോട്ടറി മാഫിയ നേടുന്നത്. അതത് പ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണിത്.
സാധാരണക്കാരുടെ കീശ കാലിയാക്കുന്ന ചൂതാട്ടത്തിനെതിരേ സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നെങ്കിലും ഇതിനെ കടത്തിവെട്ടി വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ അനധികൃത ലോട്ടറി മാഫിയ വേരുറപ്പിക്കുകയാണ്.
ഇതിനായി പ്രത്യേകം മൊബൈല്‍ ആപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെയും സാധാരണക്കാരെയും കൊള്ളയടിക്കുന്നതാണ് ലോട്ടറി ചൂതാട്ടം. ലോട്ടറിക്കടകളുടെ മറവിലാണ് സമാന്തര ലോട്ടറി പ്രവര്‍ത്തനം. സംസ്ഥാന ലോട്ടറി ഫലത്തിന്റെ അവസാന മൂന്നക്കങ്ങള്‍ പ്രവചിക്കുന്നതാണ് മത്സര രീതി. ഒന്നാം സമ്മാനാര്‍ഹമായ നമ്പരിന്റെ അവസാന മൂന്നക്കങ്ങള്‍ പ്രവചിക്കുന്നവര്‍ക്ക് 5,000 രൂപ ലഭിക്കും.
രണ്ട്, മൂന്ന്, നാല്, അഞ്ച് സമ്മാന നമ്പറുകളുടെ അവസാന അക്കമാണ് വരുന്നതെങ്കില്‍ യഥാക്രമം 500, 250, 100, 50 രൂപ എന്നിങ്ങനെയാണ് ലഭിക്കുക. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും പ്രവചിക്കാം. ഓരോ പ്രവചനങ്ങള്‍ക്കും 10 രൂപ വീതമാണ് ഈടാക്കുന്നത്. നേരത്തേ നമ്പറുകള്‍ ഏജന്റിനെ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ ഇത് ഇപ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാക്കിയിട്ടുണ്ട്. ഇതിനായി ഓരോ ഏജന്റിനും പ്രത്യേകം യൂസര്‍നെയിമും പാസ്വേഡും നല്‍കും. ഇതിലൂടെയാണ് നമ്പറുകള്‍ എന്റര്‍ ചെയ്യുന്നത്. ലഹരി ഉപയോഗം പോലെ പലരും ഈ ചൂതാട്ടത്തില്‍ ആകൃഷ്ടരായി നിരന്തരം പണം നഷ്ടപ്പെടുത്തുകയാണ്.
സ്ഥിരം ഇരകള്‍ വിദ്യാര്‍ഥികള്‍
മഞ്ചേരി: വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സമാന്തര എഴുത്ത് ലോട്ടറിയുടെ സ്ഥിരം ഇരകളാണ്. ലോട്ടറി ടിക്കറ്റെടുക്കുന്ന പണം എഴുത്ത് ലോട്ടറിക്ക് വേണ്ട എന്നതാണ് മുഖ്യ ആകര്‍ഷണം. ഒന്നില്‍ കൂടുതല്‍ തവണ പണം നല്കി അക്കങ്ങള്‍ എഴുതി നല്‍കുന്നതിനും തടസമില്ല. ഒരിക്കല്‍ പണം ലഭിക്കുന്നതോടെ പിന്നീട് പണം ലഭിച്ചില്ലെങ്കിലും അക്കങ്ങള്‍ പ്രവചിക്കാന്‍ പണം മുടക്കുന്ന പ്രവണത ഇത്തരക്കാരില്‍ വര്‍ധിക്കുകയാണ്.
ആസൂത്രിതമായുള്ള ഈ ചൂതാട്ടത്തിന് പിന്നില്‍ വന്‍ ലോബി തന്നെയുണ്ട്. ഇക്കഴിഞ്ഞ ദിവസം രഹസ്യവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരിഎസ്ഐ ബാലമുരുകനും സംഘവും മഞ്ചേരി രാമംകുളത്ത് മിന്നല്‍പരിശോധന നടത്തിയിരുന്നു. മൂന്നക്ക നമ്പര്‍ ചൂതാട്ടം നടത്തിയ വ്യക്തി പരിശോധനയില്‍ അന്ന് കുടുങ്ങി. ജാമ്യം ലഭിക്കാവുന്ന കേസായതിനാല്‍ നിയമലംഘനം തുടരുന്നു.
Tags : Local News Nattuvishesham Malappuram