പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. നടപ്പ് വർഷത്തെ ബജറ്റ് തുകയും മുൻ വർഷങ്ങളിലെ സ്പിൽ ഓവർ പദ്ധതികളുടെ തുകയും ചേർത്ത് 117,55,59,446 രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പുതിയ ഭരണസമിതി ചുമതലയേറ്റെടുത്ത ശേഷമുള്ള ജില്ലാ പഞ്ചായത്തിന്റെ ആദ്യ സമ്പൂർണ വാർഷിക പദ്ധതിക്കാണ് അംഗീകാരം ലഭ്യമായിരിക്കുന്നത്.
വികസനഫണ്ടിൽനിന്ന് 68.12 കോടി രൂപയും മെയിന്റനൻസ് ഫണ്ടിൽനിന്ന് 33.91 കോടി രൂപയും മറ്റ് ഫണ്ടുകളിൽനിന്നായി 15.53 കോടി രൂപയുടെയും തുകയാണ് വിവിധ പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മേഖലയിൽ 16.96 കോടിയും ആരോഗ്യ മേഖലയിൽ 10.27 കോടി രൂപയും പാർപ്പിട മേഖലയ്ക്കായി 9.19 കോടി രൂപയും കാർഷിക മേഖലയിൽ 8.48 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പാരിസ്ഥിതിക മലിനീകരണത്തിനു കാരണമാകുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളുടെ സംസ്കരണത്തിനായി പ്രമാടം ഗ്രാമപഞ്ചായത്തിൽ പ്ലാന്റ്, ജില്ലയിൽ ആദ്യമായി ദ്രവമാലിന്യ സംസ്കരണത്തിന് ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള പ്ലാന്റ്, മുഖ്യമന്ത്രിയുടെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുളിക്കീഴിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ പൂർത്തീകരണം, കോയിപ്രം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ ടർഫ് നിർമാണം, തോട്ടപ്പുഴശേരിയിൽ അധുനിക ക്രിമറ്റോറിയം , ജില്ലയിലെ പാടശേഖരങ്ങളിൽ നീർവാർച്ചയ്ക്കുവേണ്ടി ആധുനിക ആക്സിയൽ ഫ്ലോ പമ്പ് സ്ഥാപിക്കൽ, ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി വനിതാ ജിം, വയോജനങ്ങൾക്കുവേണ്ടി പകൽ വീട് പദ്ധതി, ജില്ലയുടെ തനത് കലാരൂപമായ പടയണി സംരക്ഷണത്തിനുവേണ്ടി ഗ്രാന്റും ഫെസ്റ്റും തുടങ്ങിയവയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ അടക്കം ജില്ലയിലെ 43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകി.
മുൻവർഷങ്ങളിൽ പദ്ധതി നിർവഹണത്തിൽ വന്നിട്ടുള്ള വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി എല്ലാ മാസവും ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തുമെന്ന് പ്രസിഡന്റ് ദീനാമ്മ റോയിയും വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമലയും പറഞ്ഞു.
Tags : Local News Nattuvishesham Planning Committee district panchayat