ജോജി തോമസ്
നെന്മാറ: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനമായതോടെ രാഷ്ട്രീയപാർട്ടികളും പ്രാദേശിക കൂട്ടായ്മകളും സ്ഥാനാർഥികൾക്കായി ഓട്ടം തുടങ്ങി.
മുൻപ് സ്ഥാനാർഥിത്വത്തിനായി കുപ്പായം ധരിച്ചവരുടെ പല വാർഡുകളും വനിത, പട്ടികജാതി തുടങ്ങി സംവരണ വാർഡുകളായതോടെയാണ് പുതിയ സ്ഥാനാർഥികളെ കണ്ടെത്താൻ ശ്രമിക്കുന്നത്. വനിതാ സ്ഥാനാർഥികൾക്കായുള്ള അന്വേഷണം ബഹുഭൂരിപക്ഷവും രാഷ്ട്രീയപാർട്ടി നേതാക്കന്മാരുടെ ഭാര്യമാരും സഹോദരിമാരിലുമാണ് എത്തിനിൽക്കുന്നത്
പ്രാദേശിക രാഷ്ട്രീയം, കുടുംബ ബന്ധം, ജാതി തുടങ്ങിയ പല ഘടകങ്ങളും അന്വേഷണം നടത്തുന്നുണ്ട്. അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ, തൊഴിലുറപ്പ് മേറ്റുമാർ, കുടുംബശ്രീ, തുടങ്ങിയ പല ഘടകങ്ങളിൽ നിന്നാണ് വനിതാ സ്ഥാനാർഥികളെ തെരയുന്നത്.
കാത്തിരുന്ന പലരുടെയും പുരുഷ വാർഡുകൾ സംവരണമായി മാറിയതോടെ ബ്ലോക്ക്, ജില്ലാ തലങ്ങളിലേക്ക് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ ചരടുവലികൾ പുരോഗമിക്കുകയാണ്.
പഞ്ചായത്ത് തലത്തിൽ പ്രമുഖ രാഷ്ട്രീയപാർട്ടികൾ ഒന്നിലേറെ സ്ഥാനാർഥികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും എതിർപാർട്ടിയുടെ സ്ഥാനാർഥിയെ അറിഞ്ഞശേഷം പേര് പുറത്തു വിടാനുള്ള തന്ത്രവുമായാണ് മിക്കപാർട്ടികളും നീങ്ങുന്നത്.
മുൻതെരഞ്ഞെടുപ്പുകളിൽ ഇല്ലാത്ത രീതിയിൽ പ്രാദേശിക സാമൂഹ്യ മാധ്യമ കൂട്ടായ്മകളാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ആകർഷണം. പലരും ഇത്തരം ഗ്രൂപ്പുകളിലെ ഇരു പാർട്ടികളുടെയോ ഇരു ഗ്രൂപ്പുകളുടെയും ഉൾപ്പെട്ടതാണ് പരസ്പരം രഹസ്യം ചോരാനുള്ള വഴിയായും മാറുന്നത് ചെറിയ അസ്വാരസ്യങ്ങളുമുണ്ടാക്കുന്നുണ്ട്.
Tags : scramble for candidates nattuvisesham local news