നെടുംകുന്നം: മേഖലയിൽ കുറുക്കൻ, കാട്ടുപന്നി, കുറുനരി എന്നിവയുടെ സാന്നിധ്യത്തിനൊപ്പം മുള്ളൻപന്നിയെയും കണ്ടെത്തിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ ദിവസം നെടുംകുന്നം കാവുന്നട ജംഗ്ഷനു സമീപം മുള്ളൻപന്നിയുടെ ആക്രമണത്തിൽ കഴുത്തിൽ മുള്ളു തറച്ച നിലയിൽ തെരുവുനായയെ കണ്ടെത്തുകയായിരുന്നു.
ദിവസങ്ങളായി മുള്ളു തറച്ച നിലയിൽ അവശനിലയിൽ കാണപ്പെട്ട തെരുവുനായയെ പഞ്ചായത്തംഗം രഞ്ജി രവീന്ദ്രന്റെ ഇടപെടലിനെ തുടർന്ന് ആർസിടിഎഫ് പ്രവർത്തകരെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ഇതോടെ ജനങ്ങൾ ഭയാശങ്കയിലാണ്. കഴിഞ്ഞ മാസം മുളയംവേലിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വന്യമൃഗത്തിന്റേതെന്നു തോന്നിപ്പിക്കുന്ന രോമക്കൂട്ടങ്ങളും കണ്ടെത്തിയിരുന്നു. നെടുംകുന്നം പഞ്ചായത്തിലെ നെടുംകുന്നം, മൈലാടി, മുണ്ടത്താനം, മുളയംവേലി, കുരുന്നംവേലി, ഇടത്തിനാട്ടുപടി തുടങ്ങിയ സ്ഥലങ്ങളിലും കറുകച്ചാൽ പഞ്ചായത്തിലെ നെടുങ്ങാടപ്പള്ളി, പനയന്പാല, പാലമറ്റം തുടങ്ങിയ പ്രദേശങ്ങളിലും നേരത്തെ കുറുനരി, കാട്ടുപന്നി, കുറുക്കൻ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Tags : nattu vishesham Porcupine found in Nedumkunnath