തണ്ണീര്‍മുക്കം ബണ്ട് റോഡ് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് സന്ദര്‍ശിക്കുന്നു.
വൈക്കം: കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിന് കുറുകെ നിർമിച്ച തണ്ണീർമുക്കം ബണ്ട് റോഡിൽ രൂപപ്പെട്ട കുഴികൾ മൂന്ന് ദിവസത്തിനകം മൂടി ഗതാഗതം സുഗമമാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. ബണ്ട് റോഡിന്റെ തകർന്ന കൈവരികൾ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ബണ്ട് റോഡിൽ ഒരാഴ്ചയായി മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്ന് ഫ്രാൻസിസ് ജോർജ് എംപി, കെ. ബിനിമോൻ എംഎൽഎ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം ബണ്ട് റോഡ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
റോഡ് പിഡബ്ല്യുഡിയുടേതാണെങ്കിലും ബണ്ട് റോഡിന്റെ ചുമതല ഇറിഗേഷൻ വകുപ്പിനാണ്. വെച്ചൂർ പള്ളി തിരുനാൾ ആഘോഷം തുടങ്ങിയ സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് വർധിക്കാൻ ഇടയുള്ളതിനാൽ ഇറിഗേഷൻ വകുപ്പ് 1.41 കോടി രൂപ അറ്റകുറ്റപ്പണിക്ക് അനുവദിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കും. നിർമാണ പ്രവർത്തനങ്ങൾക്ക് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് അധികൃതർ മേൽനോട്ടം വഹിക്കും. മഴമാറിയ ശേഷം ബണ്ടിലെ പൂർണമായി തകർന്ന ഒന്നും മൂന്നും ഘട്ടങ്ങൾ പുനർനിർമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ശനിയാഴ്ച തണ്ണീർമുക്കംമുതൽ വെച്ചൂർ ഇടയാഴംവരെയും കൈപ്പുഴമുട്ട് വരെയും രണ്ടു മണിക്കൂറോളം വാഹനങ്ങൾ നീങ്ങാനാവാതെ കുടുങ്ങിക്കിടന്നു. കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ ഗതാഗത കുരുക്ക് മണിക്കൂറോളം നീണ്ടിരുന്നു.
ബണ്ട് റോഡ് ടാറിംഗിലെ അപാകതയെ പറ്റി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതാണ്. അശാസ്ത്രീയമായി റോഡ് ടാറിംഗ് നടത്തിയ കരാറുകാരനെതിരേ യാതൊരു നടപടിയടുക്കാനും അധികൃതർ തുനിഞ്ഞില്ല. ആദ്യകാലത്ത് നിർമിച്ച പാലത്തിലെ കൈവരികൾക്ക് ഉയരം കുറവായതിനാൽ കുഴിയിൽ ചാടി അപകടം ഉണ്ടായാൽ യാത്രക്കാർ തെറിച്ച് കായലിൽ വീഴുന്ന സാഹചര്യമാണുള്ളത്.
Tags : Nattuvishesham DistrictNews