കാലംചെയ്ത ഡോ.ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരം തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിലേക്ക് എത്തിക്കുന്നു.
തിരുവല്ല: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ കാലം ചെയ്ത ഡോ.ഏബ്രഹാം മാർ യൂലിയോസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തിരുവല്ലയിലേക്ക് പ്രമുഖരുടെ നീണ്ടനിര. മെത്രാപ്പോലീത്തയുടെ ദേഹവിയോഗ വാർത്തയറിഞ്ഞതു മുതൽ തിരുവല്ല പുഷ്പഗിരിയിലേക്കും വൈകുന്നേരം സെന്റ് ജോൺസ് കത്തീഡ്രലിലേക്കും ആളുകളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. ഇന്നലെ രാവിലെയാണ് ഭൗതികശരീരം പുഷ്പഗിരി ചാപ്പലിൽ പൊതുദർശനത്തിനു വച്ചത്.
മാവേലിക്കര രൂപതാധ്യക്ഷൻ മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെയും കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെയും കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷയുടെ ആദ്യക്രമം നടത്തി. അതിരൂപത വികാരി ജനറാൾ ഫാ.ഡോ.ഐസക്ക് പറപ്പള്ളിൽ, പുഷ്പഗിരി അഡ്മിനിസ്ട്രേറ്റർ ഫാ.ബിജു പയ്യംപള്ളിൽ, കത്തീഡ്രൽ വികാരി ഫാ.ജോസ് കല്ലുമാലിക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ, ഡോ. സ്റ്റാൻലി റോമൻ, മന്ത്രി രമേശ് ചെന്നിത്തല, വർഗീസ് മാമ്മൻ എംഎൽഎ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചു.
വിടവാങ്ങുന്നത് തിരുവല്ലയുടെ സ്വന്തം കാക്കനാട്ടച്ചൻ
തിരുവല്ല: ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ആർജവത്തോടെ പൂർത്തീകരിക്കണം. വെല്ലുവിളികൾ ഇതിന് ഒരു തടസമായി മാറരുത്. ഫാ.ഡോ.ഏബ്രഹാം കാക്കനാട് തിരുവല്ലയെ പഠിപ്പിച്ചത് അതാണ്. 1990 മുതൽ 2008വരെ തിരുവല്ലയായിരുന്നു കാക്കനാട്ടച്ചന്റെ കർമഭൂമി. മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷനായി നിയോഗിക്കപ്പെട്ട് അവിടേക്കു പോകുന്പോഴും തിരുവല്ലയോടുള്ള സ്നേഹം അദ്ദേഹം കൈവിട്ടില്ല. 2018ൽ മെത്രാൻ സ്ഥാനത്തു നിന്നു വിരമിച്ച് അദ്ദേഹം തിരുവല്ലയിലേക്കു തന്നെ മടങ്ങി. പള്ളിമലയിൽ മുതിർന്ന വൈദികർക്കൊപ്പം താമസിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുന്പോൾ പുഷ്പഗിരി മെഡിക്കൽ കോളജിൽ അദ്ദേഹത്തിനായി മാറ്റിവച്ചിട്ടുള്ള മുറിയിലായിരുന്നു താമസം.
തിരുവല്ല പട്ടണത്തിന്റെ വികസന കാര്യങ്ങളിൽ അടക്കം തന്നെ സമീപിക്കുന്നവരോടെല്ലാം അദ്ദേഹം അഭിപ്രായം പങ്കുവച്ചിരുന്നു. കർമരംഗത്ത് ഉറച്ച ദൈവവിശ്വാസത്തോടെയാണ് ഫാ.ഏബ്രഹാം കാക്കനാട്ടും പിന്നീട് ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയെന്ന നിലയിലും ഓരോ ചുവടും വച്ചത്. നിന്റെ വലതുകരം എന്ന നയിക്കും എന്ന സങ്കീർത്തന വാക്യമാണ് അദ്ദേഹം മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ ആപ്തവാക്യമായി സ്വീകരിച്ചത്.
തിരുവല്ല രൂപതയിൽ പ്രവർത്തിക്കുന്പോൾ അദ്ദേഹം ഒരു വൈദികൻ മാത്രമായിരുന്നില്ല . നഗരത്തിന്റെ കർമ മേഖലകളിലെ സജീവ സാന്നിധ്യം കൂടിയായിരുന്നു. ഒപ്പം നാടിന്റെ നന്മ ലക്ഷ്യമാക്കി ഒട്ടനവധി സ്ഥാപനങ്ങൾ പടുത്തുയർത്തി. 1990 മുതൽ 97വരെ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിന്റെ വികാരിയായിരുന്നു.
ഇക്കാലയളവിൽ തിരുവല്ലയിൽ സെന്റ് ജോൺസ് ഐടിസി ആരംഭിച്ചു. തുകലശേരിയിൽ വനിതകൾക്കായി ലിറ്റിൽ ഫ്ളവർ ഗാർമെന്റ് രൂപീകരിച്ചു. തിരുവല്ല കാത്തലിക് കൺവൻഷനും തുടക്കമിട്ടു. ബസീലിയൻ സിസ്റ്റേഴ്സിനായി പാലിയേക്കരയിൽ മഠം സ്ഥാപിച്ചു.
ഏഴു വർഷം തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. തിരുവല്ല പുഷ്പമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സജീവ നേതൃത്വം നൽകി. നഗരത്തിന്റെ മുഖച്ഛായയിൽ മാറ്റമുണ്ടാകണമെന്ന താത്പര്യത്തിൽ നിരവധി പദ്ധതികൾ തയാറാക്കി.
1997ൽ അദ്ദേഹം ചെങ്ങരൂർ ഇടവകയുടെ വികാരിയായും തിരുവല്ല രൂപതയുടെ സ്കൂൾ അഡ്മിനിസ്ട്രേഷൻ ബോർഡിന്റെ കോർപറേറ്റ് ഡയറക്ടറായും നിയമിതനായി. വിദ്യാഭ്യാസ മേഖലയിലേക്ക് തന്റെ കർമഭൂമി അദ്ദേഹം മാറ്റിയെടുത്തു.
സ്കൂകളുടെ വികസന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധനൽകി. ഇക്കാലയളവിലാണ് ചെങ്ങരൂർ മാർ സേവേറിയോസ് ബിഎഡ് കോളജിലെ വികസനം നടപ്പാക്കിയത്. ചെങ്ങരൂർ സെന്റ് ജോർജ് മഹത്തായ ദേവാലയത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും അദ്ദേഹമായിരുന്നു.
Tags : District News Nattuvishesham Prominent figures final respects Dr. Abraham Mar Julios