ഡോ. രേഖ കൃഷ്ണൻ.
സിഎംഒ ഡോ. രേഖാ കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസയച്ച് ആശുപത്രി സൂപ്രണ്ട്
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രാത്രി ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് മോശമായി പെരുമാറിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) ഡോ. രേഖ കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. രോഗിയോട് അതിരൂക്ഷമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു.
രാത്രി സമയങ്ങളില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളോട് അഹങ്കാരത്തോടെ സംസാരിക്കുകയും ചികിത്സ നിഷേധിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്യുന്ന ഡോക്ടര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് ആവ ശ്യം ഉയര്‍ന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം നടക്കുന്നത്. താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലെത്തിയ രോഗിയോടും കൂടെയുണ്ടായിരുന്ന ആളോടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.രേഖ കൃഷ്ണന് മോശമായി പെരുമാറുകയായിരുന്നു. കടുത്ത ശരീരവേദനയെ തുടര്‍ന്നാണ് രോഗി രാത്രി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ചികിത്സ തേടിയെത്തിയത്.
എന്നാല്‍ ശരീരവേദനയുമായി കാഷ്വാലിറ്റിയില്‍ എത്തേണ്ടതില്ലെന്നും അപകടത്തില്‍പ്പെടുന്നവര്‍ക്കും നെഞ്ചുവേദനയുള്ളവര്ക്കും മാത്രമുള്ളതാണ് കാഷ്വാലിറ്റിയെന്നും വ്യക്തമാക്കിയാണ് ഡോക്ടര്‍ രോഗിയോട് തട്ടിക്കയറിയത്. കാഷ്വാലിറ്റി എന്ന് പറയുന്നത് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഓടിക്കയറാനുള്ളതല്ലെന്നും ഡോക്ടര്‍ പറയുന്നുണ്ട്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പിന് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.
ചികിത്സ തേടിയെത്തിയ രോഗിയോടും കൂടെയുണ്ടായിരുന്നവരോടും മോശമായി പെരുമാറുകയും വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്ത സംഭവത്തിലാണ് ഡോ.രേഖ കൃഷ്ണനോടാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണം തേടിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ബിജെപി പ്രതിഷേധിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് ഡ്യൂട്ടി ഡോക്ടറുടെ മോശം പെരുമാറ്റത്തില്‍ ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധം നടത്തി.
ഡോക്ടറുടെ മുന്നില്‍ നടത്താനായിട്ടാണ് പ്രതിഷേധക്കാര്‍ എത്തിയതെങ്കിലും ഡോക്ടര്‍ അവധിയിലായിരുന്നു.
തുടര്‍ന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കകര ആശുപത്രി സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചു പ്രതിഷേധം അറിയിക്കുകയും ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു. നടപടി ഉണ്ടാകുമെന്ന് അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Protest