പുൽപ്പള്ളി: ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ റീ ടാറിംഗ് ആരംഭിച്ച പുൽപ്പള്ളി-ബത്തേരി റോഡ് നിർമാണം കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചതായി സൂചന. നിർമാണത്തിലെ അശാസ്ത്രീയതയും ഗുണനിലവാരമില്ലായ്മയും നാട്ടുകാർ ചോദ്യം ചെയ്തതോടെ പ്രവൃത്തി നിർത്തിവച്ച് കരാറുകാരൻ സ്ഥലം വിട്ടതായാണ് വിവരം. ഇതോടെ നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനപാത അപകടക്കെണിയായി മാറി.
റോഡ് നിർമാണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പുൽപ്പള്ളി-പെരിക്കല്ലൂർ ഭാഗത്തെ പ്രവൃത്തികൾ ഗുണനിലവാരമില്ലാത്തതാണെന്ന് നാട്ടുകാർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. താഴെയങ്ങാടിയിൽ റോഡിന് കുറുകെയുള്ള ബോക്സ് കൾവർട്ട് നിർമാണവേളയിൽ വെള്ളക്കെട്ടിന് മുകളിലൂടെ ടാർ ഒഴിക്കാനായിരുന്നു കരാറുകാരന്റെ ശ്രമം. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പണി തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കൾവർട്ട് പൊളിച്ചുപണിയാമെന്ന് കരാറുകാരൻ സമ്മതിച്ചിരുന്നു.
എന്നാൽ നിലവിലുണ്ടായിരുന്ന കൾവർട്ട് പൊളിച്ചിട്ടതല്ലാതെ പുതിയത് പണിയാൻ യാതൊരു നീക്കവും നടത്തിയിട്ടില്ല. റോഡിന് നടുവിൽ വലിയ കുഴിയായി നിൽക്കുന്ന ഈ ഭാഗം ഇപ്പോൾ ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ്. തെരുവ് വിളക്കുകളുടെ അഭാവം ഉള്ളതിനാൽ രാത്രികാലങ്ങളിൽ ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്.റോഡ് പണിയിലെ അഴിമതിയെക്കുറിച്ച് നാട്ടുകാർ പൊതുമരാമത്ത് മന്ത്രിക്കും വിജിലൻസിനും എൻജിനിയർമാർക്കും പരാതി നൽകിയിട്ടുണ്ട്.
പരാതി ഉയർന്നതോടെ പണി പൂർത്തിയാക്കാതെ കരാറുകാരൻ തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും സ്ഥലത്തുനിന്നും മാറ്റി. മഴക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ റോഡിന്റെ അവസ്ഥ അതീവ ഗുരുതരമാണ്. പൊളിച്ചിട്ടിരിക്കുന്ന കൾവർട്ടിലും റോഡിലെ കുഴികളിലും വെള്ളം നിറയുന്നതോടെ കാൽനടയാത്ര പോലും അസാധ്യമാകും. കുഴികളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നതിന് മുന്പ് യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ജനകീയ ആക്ഷൻ കൗണ്സിലിന്റെ തീരുമാനം.
Tags : nattu vishesham Pulpally-Batheri Road halfway