നെടുമങ്ങാട്: കാപ്പ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നു വിധി പറയും.
പോലീസിനെ ആക്രമിച്ചുവെന്ന കേസിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള വധശ്രമക്കേസിൽ പരാതിക്കാരിലൊരാളായ പ്രശാന്ത് വക്കാലത്ത് നൽകിയതിനാൽ വാദം തുടരും. മജിസ്ട്രേറ്റ് പി.ആർ. അക്ഷയയാണ് ഇന്നലെ വാദം കേട്ടത്. പ്രതിയുടെ അപേക്ഷയിൽ വിധി വൈകിക്കരുതെന്നു സുഗതന്റെ അഭിഭാഷകൻ അഡ്വ. രഞ്ജു ഭാസ്കർ ആവശ്യപ്പെട്ടു.
എന്നാൽ, ഇതിനെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ കൂടുതൽ തെളിവെടുപ്പിനു പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിടണമെന്ന് അപേക്ഷിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിറ്റിൽ ഫ്ളവർ ഹാജരായി.
വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന സുഗതനെ ബുധനാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി പിന്നീട് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. തിരികെ കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്. ആർ. സുഗതൻ ഇന്നലെ ഹാജരായിരുന്നില്ല.
Tags : Local News Nattuvishesham Thiruvananthapuram