അറസ്റ്റിലായ ബിനു, അബ്ദുൾ സലാം, അൽഫാസ് എന്നിവർ.
ആലപ്പുഴ: വാഹനങ്ങൾ മോഷ്ടിച്ച ശേഷം പൊളിച്ചു വിൽക്കുന്ന സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരിയിലെ വാഹനപൊളിക്കൽ കേന്ദ്രമായ മായാബസാറിന്റെ ഉടമയുടെ മകൻ അൽഫാസ്, പാതിരപ്പള്ളി പുന്നയ്ക്കൽ ബിനു, വട്ടയാൽ ഇല്ലിക്കൽ പുരയിടം അബ്ദുൾ സലാം എന്നിവരാണ് പിടിയിലായത്.
\
നഗരത്തിൽനിന്ന് വാഹനങ്ങൾ മോഷ്ടിച്ച ശേഷം സംഘം മായാബസാറിൽ കൊണ്ടുവന്ന് പൊളിച്ചു വിൽക്കുകയായിരുന്നു. ആലപ്പുഴ കെഎസ്ആർടിസി ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം കാണാതായ സ്കൂട്ടറിനെപ്പറ്റിയുള്ള അന്വേഷണമാണ് മോഷണസംഘത്തെ കുടുക്കിയത്. തുടർന്ന് മണ്ണഞ്ചേരി പോലീസും ആലപ്പുഴ സൗത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ മോഷണം പോയ സ്കൂട്ടറിന്റെ ഭാഗങ്ങൾ ഇവിടെനിന്ന് പിടിച്ചെടുത്തു.
മോഷണ വാഹനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അമീർ മോഷ്ടാക്കളിൽനിന്ന് നിസാര തുകയ്ക്ക് വാഹനങ്ങൾ വാങ്ങി പൊളിച്ചുവിറ്റിരുന്നത്. വാങ്ങുന്ന വാഹനങ്ങൾ നിമിഷനേരം കൊണ്ട് പൊളിച്ചു പാർട്ട്സാക്കാനായി ഇതര സംസ്ഥാന തൊഴിലാളികളെയാണ് ജോലിക്കു നിർത്തിയിരുന്നത്.
മണ്ണഞ്ചേരിയിൽ വാഹനങ്ങളുടെ സെക്കന്ഡ് ഹാൻഡ് പാർട്ട്സുകൾ വിൽപ്പന നടത്തുന്ന മായാ ബസാർ എന്ന സ്ഥാപനത്തിന്റെ മറവിലാണ് മോഷണ വാഹനങ്ങൾ അമീർ വാങ്ങിയിരുന്നത്.
ആലപ്പുഴയിൽനിന്നു കാണാതായ വാഹനങ്ങളുടെ ലിസ്റ്റെടുത്ത് ഈ സ്ഥാപനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സൗത്ത് പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ വി.എസ്. വിനീഷ് അറിയിച്ചു.
പ്രിൻസിപ്പൽ എസ്ഐ അനന്തകൃഷ്ണൻ, എസ്ഐ റിച്ചാർഡ് ജയിംസ്, എഎസ്ഐ രതീഷ് ബാബു, എസ്സിപിഒ വി.ജി. ബിജു, സിപിഒമാരായ ജി. അരുൺ, ഡെവിൻ ചന്ദ്, നിഗിൽ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Tags : Nattuvishesham Districtnews Raid on center