മന്ത്രി ഒ.ജെ. ജനീഷ്
തൃശൂർ: ഇന്ത്യയെ പുതുയുഗത്തിലേക്കു നയിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമകൾക്കു പ്രസക്തിയേറുന്ന കാലത്തെയാണ് നാം അഭിസംബോധന ചെയ്യുന്നതെന്നു മന്ത്രി ഒ.ജെ. ജനീഷ്. രാജ്യതാൽപര്യം മുൻനിർത്തി പ്രവർത്തിച്ച രാജീവ് ഗാന്ധിയുടെ ഭരണമികവ് എല്ലാ ഭരണാധികാരികളും മാതൃകയാക്കേണ്ടതാണെന്നും ജനീഷ് പറഞ്ഞു. ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 82-ാമത് ജന്മവാർഷികാചരണത്തിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ഇന്ത്യൻ ജനാധിപത്യത്തിൽനിന്ന് യുവത്വത്തിന്റെ ശബ്ദം ചോർത്തിക്കളയാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ പറഞ്ഞു. 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടവകാശം നൽകിയ രാജീവ് ഗാന്ധിയുടെ തീരുമാനം ഇന്ത്യൻ ജനാധിപത്യത്തിൽ യുവാക്കളുടെ ശബ്ദം മുഴങ്ങിക്കേൾക്കാനായിരുന്നു. യുവജനങ്ങൾക്കു പറയാനുള്ളത് കേൾക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും രാജ്യത്ത് ഇന്നൊരു ഭരണസംവിധാനമില്ലെന്നും പ്രതാപൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസ് വള്ളൂർ, കെ.വി. ദാസൻ, ടി.വി. ചന്ദ്രമോഹൻ, മേയർ നിജി ജസ്റ്റിൻ, ജോസഫ് ചാലിശേരി, സുനിൽ അന്തിക്കാട്, ഐ.പി. പോൾ, രാജേന്ദ്രൻ അരങ്ങത്ത്, കെ.കെ. ബാബു, സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻഖാൻ, പി. ശിവശങ്കരൻ, ബൈജു വർഗീസ്, എം.എസ്. ശിവരാമകൃഷ്ണൻ, സുബി ബാബു, ഫ്രാൻസിസ് ചാലിശേരി, സന്തോഷ് ഐത്താടൻ, ഹരീഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.