കൊല്ലം: അറ്റകുറ്റപ്പണിക്കു നടപടിയില്ലാതെ കൊല്ലം മെമു ഷെഡിൽ മാസങ്ങളായി അനാഥമായി കിടക്കുന്നത് എട്ട് കോച്ചുകൾ. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന കൊല്ലം –ആലപ്പുഴ മെമു സർവീസിന്റെ കോച്ചാണിത്.
നിന്നുതിരിയാൻ ഇടമില്ലാതെ മെമുവിൽ യാത്രക്കാർ വീർപ്പുമുട്ടുന്പോഴാണ് മെമു കോച്ച് (കാർ)ഇവിടെ മാറ്റിയിട്ടിരിക്കുന്നത്.
തിരുച്ചിറപ്പിള്ളി റെയിൽവേ വർക്ഷോപ്പിലാണ് മെമു കാറുകളുടെ അറ്റകുറ്റപ്പണി (പീരിയോഡിക്കൽ ഓവർ ഹാളിംഗ്)നടത്തുന്നത്. മാസങ്ങൾക്കു മുന്പ് ഒരു റേക്ക് (16 കോച്ച്) തിരുച്ചിറപ്പിള്ളി റെയിൽവേ വർക്ഷോപ്പിൽ കൊണ്ടുപോയി പീരിയോഡിക്കൽ ഓവർഹാളിംഗ് നടത്തിയിരുന്നു. അതിനുശേഷം മറ്റു റേക്കുകൾ കൂടി തിരുച്ചിറപ്പിള്ളിക്ക്ു കൊണ്ടുപോകാനുള്ള നടപടിയാണ് വൈകുന്നത്.
രാവിലെ 3.45നു കൊല്ലത്തുനിന്നു പുറപ്പെടുന്ന ആലപ്പുഴ മെമു സർവീസ് കൊല്ലത്തിനു തിരികെ വരുന്നതു രണ്ടുദിവസം കഴിഞ്ഞാണ്. ആലപ്പുഴ എത്തിയശേഷം മെമു എറണാകുളത്തിനും അവിടെനിന്ന് ഷൊർണൂരിനും പോകും. പിന്നീട് ഷൊർണൂരിൽനിന്നു നിലന്പൂരിലേക്കും.
രാത്രിയിൽ അവിടെനിന്ന് തിരികെ ഷൊർണൂരിലേക്ക് എത്തുന്ന മെമു, അടുത്തദിവസം രാവിലെ കണ്ണൂരിലേക്കു പോകും. അവിടെനിന്ന് ഇതേറൂട്ടിൽ കറങ്ങി മൂന്നാംദിവസം വൈകിട്ട് മെമു കൊല്ലത്തു തിരിച്ചെത്തും. ഒരു റേക്കിൽ 16 കോച്ചാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇങ്ങനെ മൂന്നു റേക്കിലായി 16 കോച്ചുമായി മൂന്നു മെമു സർവീസാണ് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കു തുടക്കത്തിൽ ഓപ്പറേറ്റ് ചെയ്തിരുന്നത്.
കോച്ചുകളുടെ അറ്റകുറ്റപ്പണി വൈകുന്നതുമൂലം നിലവിൽ ഒരു റേക്കിൽ 16കോച്ചും മറ്റ് രണ്ട് റേക്കിൽ 12വീതം കോച്ചുമാണ് ഉള്ളത്.
ഫിറ്റ്നസ് ഇല്ലാത്ത കോച്ചുകൾ ഓടിക്കാൻ പറ്റില്ല. ഇതിന്റെ ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നത്.